തിരുനെല്ലി തെറ്റ് റോഡിൽ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ഒന്നരക്കോടിയോളം രൂപ കവർന്ന മൂന്നുപേര്‍ കൂടി പിടിയിൽ
മാനന്തവാടി : തിരുനെല്ലി തെറ്റ് റോഡിൽ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രികനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത കേസിൽ മൂന്നുപേർ കൂടി പിടിയിൽ.
കോഴിക്കോട് സ്വദേശികളായ ബേപ്പൂര്‍ ഊണാര്‍വളപ്പ് കോഴിക്കോടന്‍ വീട്ടില്‍ കെ.വി ജംഷീദ് (37), രാമനാട്ടുകര കോമ്പിയാലത്ത് വീട്ടില്‍ എം.എന്‍ മന്‍സൂര്‍ (30), മലപ്പുറം പുളിക്കല്‍ അരൂര്‍ ചോലക്കര വീട്ടില്‍ ടി.കെ ഷഫീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.
മാനന്തവാടി ഡി.വൈ.എസ്.പി എപി ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മലപ്പുറത്ത് നിന്നാണ് ഈ ഹൈവേ കവര്‍ച്ചാ സംഘത്തെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഇതേ കേസിൽ നാലുപേരെ കർണാടകയിലെ മാണ്ഡ്യയില്‍ നിന്നും പിടികൂടിയിരുന്നു.
തിരുനെല്ലി സി.ഐ പി.എല്‍ ഷൈജു, മാനന്തവാടി സി.ഐ അബ്ദുള്‍ കരീം, കമ്പളക്കാട് സി.ഐ സന്തോഷ് തുടങ്ങിയവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഈ മാസം 5 ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാറിലെത്തിയ ഏഴംഗസംഘം ബംഗളൂർ – കോഴിക്കോട് സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരനായ തിരൂര്‍ സ്വദേശിയില്‍ നിന്നും ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നതായാണ് പരാതി.
കവർച്ചാ സംഘത്തെ കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ച് വരുകയായിരുന്നു.