April 3, 2025

ബസ് തടഞ്ഞ് നിർത്തി ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത സംഘം പിടിയിൽ

Share

 

മാനന്തവാടി : തിരുനെല്ലി തെറ്റ് റോഡിന് സമീപം സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത സംഘം പോലീസ് പിടിയിൽ. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നും മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതി സാഹസികമായാണ് പ്രതികളെ പിടികൂടിയത്.

 

പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ചക്കാലക്കല്‍ സുജിത്ത് (28), എറണാകുളം അങ്കമാലി പള്ളിയാനം ശ്രീജിത്ത് വിജയന്‍ (25), കണ്ണൂര്‍ ആറളം കാപ്പാടന്‍ സക്കീര്‍ ഹുസൈന്‍ (38), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ ജോബിഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി വിവിധ ജില്ലകളില്‍ നിരവധി കേസുകളുണ്ട്.

 

ഈ മാസം 5 ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാറിലെത്തിയ ഏഴംഗസംഘം ബംഗളൂർ – കോഴിക്കോട് സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരനായ തിരൂര്‍ സ്വദേശിയില്‍ നിന്നും ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നതായാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്റെ നേതൃത്വത്തില്‍ തിരുനെല്ലി സി.ഐ പി.എല്‍ ഷൈജു, മാനന്തവാടി സി.ഐ അബ്ദുള്‍ കരീം, കമ്പളക്കാട് സി.ഐ സന്തോഷ് തുടങ്ങിയവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വോഷിച്ച് വരുകയായിരുന്നു.

 

കവർച്ചാ സംഘത്തെ കുറിച്ച്‌ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരുകയായിരുന്ന പോലീസ് ഇന്നലെ കര്‍ണാടക മാണ്ഡ്യയില്‍ വെച്ച് അതിസാഹസികമായി ഇവരെ പിടികൂടുകയായിരുന്നു. പോലീസിനെ വെട്ടിച്ച് കടക്കാനുള്ള ശ്രമത്തിനിടയിൽ കാര്‍ വേഗത്തില്‍ പിന്നോട്ടെടുത്തപ്പോള്‍ സി.ഐ ഷൈജു കാറിനടിയില്‍പ്പെട്ടു. അരയ്ക്ക് മുകളിലൂടെ കാറ് കയറിയെങ്കിലും ഭാഗ്യം കൊണ്ട് പരിക്കുകള്‍ പറ്റാതെ സി.ഐ രക്ഷപ്പെട്ടു. അദ്ദേഹത്തെ മാണ്ഡ്യ ആശുപത്രിയിലും തുടർന്ന് മാനന്തവാടി ആശുപത്രിയിലും വിദഗ്ധ പരിശോധനക്ക് വിധേയമാക്കി.

 

പിടികൂടിയ പ്രതികളുടെ പക്കൽ നിന്നും അഞ്ചര ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും, മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.