September 20, 2024

രാജ്യത്ത് പത്ത് ലക്ഷം പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; റോസ്ഗര്‍ മേളക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

1 min read
Share

 

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിന് കീഴിലെ വിവിധ വകുപ്പുകളില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കുന്ന റോസ്ഗര്‍ മേളക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കിട്ടു. വിവിധ തസ്തികകളിലേക്ക് പുതുതായി നിയമിതരായ 75,000 ഉദ്യോഗസ്ഥര്‍ക്ക് നിയമനപത്രം കൈമാറിയാണ് പ്രധാനമന്ത്രി പദ്ധതിക്ക് തുടക്കംകുറിച്ചത്. പിന്നീട് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ഉദ്യോഗാര്‍ഥകളെ അഭിസംബോധന ചെയ്തു.

 

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് റോസ്ഗര്‍ മേളയെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴിലും സ്വയംതൊഴില്‍ അവസരങ്ങളും ഒരുക്കുന്നതിന് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും സ്വാശ്രയത്വത്തിലേക്ക് രാജ്യം നീങ്ങുകയാണ്. ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യം എല്ലാവരുടെയും സംഭാവനയാല്‍ കൈവരിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

ഇന്ത്യ ഇപ്പോള്‍ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. എട്ട് വര്‍ഷം കൊണ്ട് നടത്തിയ പരിഷ്‌കാരങ്ങള്‍ കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് നൂറ് ലക്ഷം കോടി രൂപ ചെലവഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ച്‌ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

യുവാക്കളാണ് രാജ്യത്തിന്റെ ശക്തിയെന്നും അവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു കോടി 50 ലക്ഷം യുവാക്കളെ നൈപുണ്യ വികസനത്തില്‍ പരിശീലിപ്പിച്ചതായും ഖാദി, ഗ്രാമവ്യവസായ മേഖലയില്‍ ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

 

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 80,000 സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്ത് വന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ ഈ സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്യുന്നു. എംഎന്‍ആര്‍ഇജിഎയില്‍ നിന്ന് 7 കോടി പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ പ്രോത്സാഹനവും 5G നെറ്റ്‌വര്‍ക്കിന്റെ വിപുലീകരണവും ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.