മായം : ഇന്ത്യയില്‍ നിന്നെത്തിക്കുന്ന ചെമ്മീന്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഖത്തര്‍
ദോഹ: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ ഉപയോഗിക്കരുതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ നിന്ന് വരുന്ന പുതിയതും ശീതീകരിച്ചതുമായ ചെമ്മീനുകളില്‍ മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
ഇറക്കുമതി ചെയ്ത ചെമ്മീനുകളുടെ സാമ്പിളുകള്‍ ലാബുകളില്‍ പരിശോധിക്കുകയും അമിതമായ അളവില്‍ മായം ചേര്‍ക്കല്‍ കണ്ടെത്തുകയും ചെയ്തു. നഗരസഭ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ എല്ലാ മാര്‍ക്കറ്റുകളില്‍ നിന്നും ഇന്ത്യന്‍ ചെമ്മീന്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങിയ ശീതീകരിച്ചതും പുതിയതുമായ ചെമ്മീനുകള്‍ ഉപയോഗിക്കരുതെന്നും വാങ്ങിയ ചെമ്മീന്‍ തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ചെമ്മീന്‍ കഴിച്ചതിന് ശേഷം വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.