ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടന ; 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പെന്ന്
ന്യൂയോര്‍ക് : ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പാകാമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച നാല് കഫ് സിറപ്പുകളാണ് ഗുരുതര ആരോപണം നേരിടുന്നത്.
ഈ കമ്ബനി നിര്‍മിച്ച പ്രൊമേത്തസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സ്മാലിന്‍ ബേബി കഫ് സിറപ്, മേക്കോഫ് ബേബി കഫ് സിറപ്, മാഗ്രിപ് എന്‍കോള്‍ഡ് സിറപ് എന്നിവയാണ് സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് ഇനം ഉല്‍പന്നങ്ങളെന്ന് ഡബ്ല്യു.എച്ച്.ഒ മെഡിക്കല്‍ പ്രോഡക്‌ട് അലര്‍ട്ട് പറയുന്നു. ഇവയില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ശിശുരോഗ ശമനത്തിന് വലിയതോതില്‍ ഉപയോഗിക്കുന്ന മരുന്നാണിവ.
നിലവാരമില്ലാത്തതും അണുബാധയുള്ളതുമായ കഫ് സിറപ് കുട്ടികളുടെ വൃക്കകളെ ബാധിച്ചെന്നാണ് കണ്ടെത്തല്‍. അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈകോള്‍, എഥിലിന്‍ ഗ്ലൈകോള്‍ എന്നിവ കഫ് സിറപ്പില്‍ കണ്ടെത്തിയതായും ഡബ്ല്യു.എച്ച്.ഒ ആരോപിച്ചു. സംഭവത്തെതുടര്‍ന്ന് അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുകയാണ്.