റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് യാത്രികരുടെ ജീവന് സുരക്ഷ ഒരുക്കണം – പനമരം പൗരസമിതി
പനമരം : സംസ്ഥാന പാതയുൾപ്പെടെയുള്ള പ്രധാന റോഡുകളിലെ ശോചനീയാവസ്ഥകൾ പരിഹരിച്ച് യാത്രക്കാരുടെ ജീവന് മതിയായ സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പനമരം പൗരസമിതി ആവശ്യപ്പെട്ടു.
ജില്ലയിലെ പ്രധാന പാതകളെല്ലാം ചതിക്കുഴികളായി അപകടക്കെണിയിലായിട്ടും സത്വര നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രികരായ പിതാവും മകനും മരണപ്പെടാൻ ഇടയാക്കിയത് റോഡിന്റെ ശോചനീയാവസ്ഥയാണ്. അതിനാൽ ഇരുവരുടേയും ദാരുണാന്ത്യത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. പനമരം മുതൽ മാനന്തവാടി വരെയുള്ള സംസ്ഥാന പാതയാകെ ചതിക്കുഴികളാണ്. ഈ വൻഘർത്തങ്ങളിൽ ഇരുചക്ര വാഹനക്കാരും മറ്റും അപകടത്തിൽപ്പെടുന്നത് തുടർക്കഥയാണ്. കൽപ്പറ്റ – പനമരം, പനമരം – നടവയൽ റോഡുകളും ഇതേ പരിതാപാവസ്ഥയിലാണ്. റോഡോരങ്ങളിൽ മതിയായ അപകട സൂചനാ ബോർഡുകൾ ഒരുക്കാത്തതും, വളർന്നു പന്തലിക്കുന്ന അടിക്കാടുകൾ യഥാസമയം വെട്ടിമാറ്റാത്തതും, റോഡരിക് സമാന്തരമാക്കാത്തതും, വഴിവിളക്കുകൾ കത്തിക്കാത്തതും അപകടങ്ങൾ പെരുകാൻ കാരണമാകുന്നുണ്ട്. അതിനാൽ റോഡു നികുതിയും മറ്റും കൊടുത്ത് നിരത്തിലിറങ്ങുന്ന യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്താൻ ജില്ലയിലെ റോഡുകളിലെല്ലാം ഉടനടി ഇവ പുനഃസ്ഥാപിക്കണം.
നിരത്തിലൂടെ തോന്നിയപടി അമിത വേഗതയിൽ ഓടുന്ന ആനവണ്ടികൾ പലപ്പോഴും ആളെക്കൊല്ലി വണ്ടികളായി മാറുകയാണ്. റോഡിലൂടെ പോവുന്ന മറ്റു വാഹനയാത്രക്കാരെ പലപ്പോഴും അപകടത്തിലേക്ക് തള്ളിവിടുകയാണ് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഭൂരിഭാഗവും. കേസ് നടത്താൻ തലസ്ഥാനത്തേക്ക് അത്ര പെട്ടെന്ന് ആരും പോവില്ല എന്ന അഹന്തയാണ് ഇവരെ അലക്ഷ്യമായി വാഹനം ഓടിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിനും തടയിടണം. വാഹനങ്ങൾ ദിനംപ്രതി പെരുകുന്ന സാഹചര്യത്തിൽ റോഡുകൾ നാലുവരി പാതയാക്കി ഉയർത്തണം. ഇരുചക്ര വാഹനങ്ങൾക്ക് ഇരു ഭാഗങ്ങളിലും പ്രത്യേകം സൗകര്യം ഒരുക്കണം. വേഗത നിയന്ത്രണവും കൊണ്ടുവരണം.
യോഗത്തിൽ പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തു പറമ്പിൽ അധ്യക്ഷത വഹിച്ചു. കൺവീനർ റസാക്ക് സി. പച്ചിലക്കാട്, ട്രഷറർ വി.ബി രാജൻ, ജോ.കൺവീനർ കാദറുകുട്ടി കാര്യാട്ട്, വൈ.ചെയർമാൻ പി.എൻ അനിൽകുമാർ, അജ്മൽ തിരുവാൾ, മൂസ കൂളിവയൽ, ടി. ഖാലിദ്, വിജയൻ മുതുകാട്, സജീവൻ ചെറുകാട്ടൂർ, സജി എക്സൽ, ജലീൽ കൊച്ചി എന്നിവർ സംസാരിച്ചു.