പനമരത്ത് കുരങ്ങിൻ കൂട്ടം വളർത്തുനായയെ അക്രമിച്ചു
പനമരം : പനമരത്ത് കുരങ്ങിൻ കൂട്ടം വളർത്തുനായയെ അക്രമിച്ചു. വാടോച്ചാൽ ഏ.വി.രാജേന്ദ്രപ്രസാദിന്റെ വളർത്തുനായയെയാണ് കുരങ്ങുകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
കൃഷിയിടത്തിൽ ഇറങ്ങിയ കുരങ്ങിൻ കൂട്ടത്തെ തുരത്താൻ തോട്ടത്തിലേക്ക് ഓടി കയറിയ നായയെ കുരങ്ങുകൾ കൂട്ടത്തോടെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. വീട്ടുടമ എത്തിയപ്പോഴേക്കും കുരങ്ങുകൾ ഓടിമാറി. ആക്രമണത്തിൽ നായയുടെ കണ്ണിന് സാരമായി പരിക്കേറ്റു. പനമരത്ത് ചികിത്സിക്കാൻ കഴിയാത്ത വിധം പരിക്കേറ്റിരുന്ന നായയെ പൂക്കോട് വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് മണിക്കൂറുകൾ നീണ്ട സർജറി നടത്തിയാണ് നായയെ രക്ഷിക്കാൻ സാധിച്ചത്.
ഇതുവരെ നായയുടെ കുര കേട്ടാൽ കുരങ്ങ് വല്ലാതെ ഭയപ്പെട്ടിരുന്നു. എന്നാൽ ഇവയും സംഘടിതരായി അക്രമിക്കാൻ തുടങ്ങിയിരിക്കുകയാണ്. പതിവായെത്തുന്ന കുരങ്ങുകൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. പക്ഷെ വനനിയമത്തെ ഭയന്ന് ഇവക്കെതിരെ പ്രതികരിക്കാൻ പോലും കർഷകർക്ക് ഭയമാണ്.