ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി യു.യു ലളിത് സത്യ പ്രതിജ്ഞ ചെയ്തു
ഇന്ത്യയുടെ 49 – മത് ചീഫ് ജസ്റ്റിസ് ആയി ഉദയ് ഉമേഷ് ലളിത് എന്ന യു.യു ലളിത് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചെല്ലിക്കൊടുത്തു. 74 ദിവസത്തിന് ശേഷം 2022 നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും. പ്രമാദമായ നിരവധി കേസുകളില്‍ ക്രിമിനല്‍ വക്കീലായിരുന്ന യു.യു. ലളിത് ബാറില്‍ നിന്ന് സുപ്രീംകോടതി ബെഞ്ചിലേക്ക് നേരിട്ടെത്തുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ്.
ഡല്‍ഹി ബാറില്‍ നിന്ന് ഡല്‍ഹി ഹൈകോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് യു.ആര്‍. ലളിതിന്‍റെ മകനായി 1957ല്‍ മഹാരാഷ്ട്രയിലാണ് ജനനം. ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം 1983ല്‍ ബോംബെ ഹൈകോടതിയില്‍ അഭിഭാഷകവൃത്തി തുടങ്ങി. 1986 ല്‍ സുപ്രീം കോടതിയിലേക്കു വരികയും 2004 ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിക്കുകയും ചെയ്തു. 10 വര്‍ഷം കഴിഞ്ഞ് ജഡ്ജിയായി മാറി.
ബാബരി മസ്ജിദ് ധ്വംസനം, വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങി പ്രമാദമായ നിരവധി കേസുകളില്‍ പ്രതിഭാഗം ക്രിമിനല്‍ വക്കീലായിരുന്ന ലളിത്, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കൊളീജിയം നടത്തിയ ആദ്യ ജഡ്ജി നിയമന ശിപാര്‍ശയിലൂടെയാണ് 2014 ആഗസ്റ്റ് 13 ന് സുപ്രീംകോടതി ജഡ്ജിയാകുന്നത്.
തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്‍റെയും അഭിഭാഷകനായിരുന്നു ലളിത്. ബാബരി ഭൂമി കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് ലളിത് വാദം കേള്‍ക്കാനിരുന്നപ്പോള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറി.
ആശാറാം ബാപ്പു കേസ് അടക്കം അഭിഭാഷകനായ കാരണത്താല്‍ ജസ്റ്റിസ് ലളിത് പിന്മാറിയ കേസുകള്‍ നിരവധിയാണ്. അഞ്ചില്‍ മൂന്നു ജഡ്ജിമാരുടെ പിന്തുണയോടെ മുസ്ലിംകള്‍ക്കിടയിലെ മുത്തലാഖ് നിരോധിച്ച ബെഞ്ചില്‍ ലളിതുമുണ്ടായിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗം വസ്ത്രത്തിനുമേല്‍ സ്പര്‍ശിക്കുന്നത് ലൈംഗികാതിക്രമം അല്ല എന്ന മുംബൈ ഹൈകോടതി വിധി റദ്ദാക്കിയത് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ്.