നിയമ പ്രവേശന പരീക്ഷയ്ക്ക് വയനാട്ടിലും സെന്റര്‍ അനുവദിച്ചു
മാനന്തവാടി : ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഇടപെടലിലൂടെ കേരള ലോ എന്‍ട്രന്‍സ് എക്സാമിനേഷന് വയനാട്ടില്‍ സെന്റര്‍ അനുവദിച്ചു. നിയമബിരുദ പ്രവേശന പരീക്ഷയായ കേരള ലോ എന്‍ട്രന്‍സ് എക്സാമിനേഷന് ആദ്യമായാണ് ജില്ലയില്‍ സെന്റര്‍ അനുവദിക്കുന്നത്. വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ജില്ലാ കളക്ടര്‍ മുഖേന എന്‍ട്രന്‍സ് കമ്മീഷ്ണര്‍ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മാനന്തവാടി ഗവ. എഞ്ചിനിയറിംഗ് കോളേജില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചത്. ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെയും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിയമഗോത്രം എന്ന പദ്ധതിയിലൂടെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.എല്‍.ബി ബിരുദത്തിന് ചേരുന്നതിനുള്ള പരിശീലനം നല്‍കുന്നുണ്ട്.
കഴിഞ്ഞ ദേശീയ തലത്തിലെ എന്‍ട്രന്‍സ് പരീക്ഷയായ കോമണ്‍ ലോ എന്‍ട്രന്‍സ് ടെസ്റ്റില്‍ ജില്ലയില്‍ നിന്നും 27 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. ഇവര്‍ക്ക് കോഴിക്കോടായിരുന്നു പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്. ജില്ലയില്‍ നാളെ നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ 5 ആദിവാസി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ശനിയാഴ്ച പരീക്ഷ എഴുതും.