ബത്തേരിയിൽ വീണ്ടും മോഷണം ; വീട് കുത്തിത്തുറന്ന് ഒരുലക്ഷം രൂപയോളം കവർന്നു
സുൽത്താൻ ബത്തേരി : മണിച്ചിറയിൽ വീട് കുത്തിത്തുറന്ന് ഒരുലക്ഷം രൂപയോളം മോഷ്ടിച്ചു. വെള്ളോളി ബീയാത്തുവിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ 1.30 ഓടെയാണ് മോഷണം നടന്നത്. ഓടിട്ട വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്ന ബീയ്യാത്തുവിന്റെ മുറിക്കുള്ളിൽ കടന്ന മോഷ്ടാവ്, കട്ടിലിനോട് ചേർന്നുണ്ടായിരുന്ന പണമടങ്ങിയ ഷെൽഫ് എടുത്ത് വീടിന് പുറത്തു കൊണ്ടുപോയി പൊളിക്കാൻ ശ്രമംനടത്തി. ശബ്ദം കേട്ടുണർന്ന ബീയ്യാത്തു വീടിനു പുറത്ത് വെളിച്ചം കണ്ടതോടെ മകനെ വിളിച്ചു. വീട്ടുകാർ ഉണർന്നതറിഞ്ഞ് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷണം നടക്കുന്ന സമയത്ത് ബീയ്യാത്തുവിന്റെ മകൻ മുൻസറും കുടുംബവും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ബീയ്യാത്തുവിന്റെ മുറിയിലെ മറ്റു രണ്ടലമാരകളും മോഷ്ടാവ് കുത്തിത്തുറന്നിട്ടുണ്ട്. വിവരമറിയിച്ച ഉടൻതന്നെ ബത്തേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിലും സ്ഥലത്ത് പരിശോധന നടത്തി.