വാകേരിയിൽ ഭീതി പരത്തിയ കടുവയെ രാത്രിയോടെ വനത്തിലേക്ക് തുരത്തി
കേണിച്ചിറ : വാകേരിയിൽ ഭീതി പരത്തിയ കടുവയെ രാത്രിയോടെ വനത്തിലേക്ക് തുരത്തി. വാകേരി ടൗണിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ കടുവയെയും രണ്ട് കുഞ്ഞുങ്ങളേയും കണ്ടത്. ചായംപ്ലാക്കല്‍ ബിജുവിന്റെ തോട്ടത്തിലായിരുന്നു കടുവ. സമീപത്ത് പാതി ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡവും കണ്ടെത്തി. മൂന്നാഴ്ച മുമ്പ് ആഴ്ചകളോളം വാകേരിയിൽ ഭീതിപരത്തിയ കടുവയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടിയിരുന്നു. അതിനാൽ ദിവസങ്ങൾ പിന്നിടുന്നതിനിടെ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തിയത് ജനവാസ കേന്ദ്രമായ വാകേരിയിൽ പകൽ മുഴുവൻ ഭീതി പരത്തി. രാത്രിയോടെ വനപാലകർ കടുവകളെ വനത്തിലേക്ക് തുരത്തി.
വ്യാഴാഴ്ച രാവിലെ കാപ്പിതോട്ടത്തിനകത്ത് നിന്നും മാനിന്റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോഴാണ് കടുവയേയും കുട്ടികളേയും കണ്ടത്. പകുതി ഭക്ഷിച്ച മാനിനെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ച ശേഷം കടുവ മറ്റൊരു ഭാഗത്തേക്ക് മാറിയതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീം, ചെതലയം റെയ്ഞ്ച് ഓഫീസർ കെ.അബ്ദുൾ സമദിന്റെയും നേതൃത്വത്തിലുള്ള വനംവകുപ്പ് ജീവനക്കാരും, റാപ്പിഡ് റെസ്പോൺസ് ടീമിലെ ജീവനക്കാരും, പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. കടുവയെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ച ശേഷം വൈകീട്ട് ആളൊഴിഞ്ഞതോടെ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും വനത്തിലേക്ക് തുരത്തി.