നെയ്ക്കൂപ്പ കോളനിയിലെ കുട്ടികളെ മർദ്ദിച്ച സംഭവം ; അയൽക്കാരൻ അറസ്റ്റിൽ
നടവയല്‍ : നെയ്ക്കുപ്പ കോളനിയിലെ ആദിവാസി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ എ.ജി രാധാകൃഷ്ണൻ (48) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളനിക്ക് മുൻവശത്തുളള വയലിനോട് ചേർന്ന തോട്ടിൽവച്ച് മീൻ പിടിക്കുന്നതിനിടെ വയലിലെ വരമ്പ് നശിപ്പിച്ചെന്നാരോപിച്ച് രാധാകൃഷ്ണൻ കുട്ടികളെ വടികൊണ്ട് അടിച്ചെന്നായിരുന്നു പരാതി. കുട്ടികളുടെ പുറത്തും കാലിനും പാടുകളും മുറിവുകളുമുണ്ട്. കുട്ടികൾ പനമരം സി.എച്ച്.സിയിൽ ചികിത്സതേടി മടങ്ങിയിരുന്നു. തുടർന്ന് രക്ഷിതാക്കളുടെ പരാതിപ്രകാരം രാധാകൃഷ്ണനെതിരെ കേണിച്ചിറ പോലീസ് വടികൊണ്ട് മര്‍ദ്ദിച്ചതിനും, എസ്.സി., എസ്.ടി. അതിക്രമ നിയമപ്രകാരവും , ജാമ്യമില്ലാ വകുപ്പ് പ്രകാരവും കേസെടുക്കുകയും തുടരന്വേഷണത്തിനായി മാനന്തവാടി എസ്.എം.എസ് വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നു. ഒളിവിൽ പോയ പ്രതിയെ ബുധനാഴ്‌ചയാണ് കേണിച്ചിറ പോലീസ് പിടികൂടിയത്. തുടര്‍ന്ന് എസ്.എം.എസ് ഡി.വൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രനും സംഘവും ഇയാളെ അറസ്റ്റു ചെയ്തു.
നടവയൽ സെന്റ് തോമസ് എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് മൂവരും. ചൊവ്വാഴ്ച സ്കൂൾ അധികൃതർ ബാലാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വയനാട് ശിശുസംരക്ഷണ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥർ കോളനിയിലെത്തി മര്‍ദ്ദനമേറ്റ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.