മോദിക്ക് പുതിയ വസതി ഉയരുന്നു : 467 കോടി ചെലവ്, 36,328 ച.അടി വിസ്തൃതി, പാര്‍ലമെന്റിലേക്ക് നേരിട്ട് തുരങ്ക പാത
മോദിക്ക് പുതിയ വസതി ഉയരുന്നു : 467 കോടി ചെലവ്, 36,328 ച.അടി വിസ്തൃതി, പാര്‍ലമെന്റിലേക്ക് നേരിട്ട് തുരങ്ക പാത
പാര്‍ലമെന്റ് സമുച്ഛയത്തിനോട് ചേര്‍ന്ന് 467 കോടി രൂപയാണ് ചെലവില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നിര്‍മാണം ത്വരിതഗതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിന് സമീപം ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളില്‍ സെന്‍ട്രല്‍ വിസ്ത വികസന പദ്ധതിയുടെ ഭാഗമായാണ് പ്രധാന മന്ത്രിയുടെ വസതിയും ഒരുങ്ങുന്നത്.
2,26,203 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൊത്തം കെട്ടിട സമുച്ചയത്തില്‍ വസതിക്ക് മാത്രം 36,328 ചതുരശ്ര അടി വിസ്തൃതി ഉണ്ടായിരിക്കും. ഇവിടെ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെയും പാര്‍ലമെന്റിനെയും ഉപരാഷ്ട്രപതിയുടെ വസതിയെയും ബന്ധിപ്പിക്കുന്ന വി.ഐ.പി തുരങ്ക പാതയും നിര്‍മിക്കും. സൗത്ത് ബ്ലോക്കിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് പുറമെ പ്രധാനമന്ത്രിയുടെ ഹോം ഓഫിസ്, ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സ്, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) ഓഫിസ്, സേവാ സദന്‍ എന്നിവയും ഉണ്ടാകും.
പ്രധാനമന്ത്രിയും പരിവാരങ്ങളും യാത്ര ചെയ്യുന്ന സമയത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നഗരത്തില്‍ രൂക്ഷമായ ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാനാണ് പ്രധനമന്ത്രിക്ക് വേണ്ടി മാത്രം പ്രത്യേക വി.ഐ.പി തുരങ്കം നിര്‍മിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നിര്‍മാണം 2024 സെപ്റ്റംബറിനകം പൂര്‍ത്തിയാക്കണമെന്നാണ് സെന്‍ട്രല്‍ വിസ്ത നവീകരണന പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നിശ്ചയിച്ച സമയപരിധി.
ധനമന്ത്രാലയത്തിന്റെ എക്‌സ്‌പെന്‍ഡിച്ചര്‍ ആന്‍ഡ് ഫിനാന്‍സ് കമ്മിറ്റിയുടെ (ഇഎഫ്‌സി) അംഗീകാരത്തിനായി പദ്ധതി സമര്‍പ്പികകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദിപ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ഭവന മന്ത്രാലയത്തിന്റെ ബജറ്റ് ഗ്രാന്റില്‍ നിന്നാണ് സമുച്ചയം നിര്‍മിക്കുന്നതിനുള്ള ചെലവ് കണ്ടെത്തുക. 2022-23 ബജറ്റില്‍ 70 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. പാരിസ്ഥിതിക അനുമതി ഇതിനകം ഭവന മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. മറ്റ് അനുമതികള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കോംപ്ലക്‌സിന്റെ ടെന്‍ഡര്‍ ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ പ്രധാനമന്ത്രി താമസിക്കുന്ന നമ്ബര്‍ ഏഴ്, ലോക് കല്യാണ്‍ മാര്‍ഗ് വസതിയില്‍നിന്ന് പുതിയ വസതിയിലേക്ക് ഏകദേശം 3 കിലോമീറ്റര്‍ ദൂരമുണ്ട്. പി.എം. ഓഫിസ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റ് എന്നിവയുമായി പ്രധാനമന്ത്രിയുടെ താമസം അടുപ്പിക്കുക മാത്രമല്ല, ഉയര്‍ന്ന സുരക്ഷ ഒരുക്കുക എന്നതും പുതിയ പദ്ധതിയുടെ ലക്ഷ്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.