വിലവർധനവ്, തൊഴിലില്ലായ്മ ജിഎസ്ടി എന്നിവയ്ക്കെതിരെ ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധം ; രാഹുലും പ്രിയങ്കയും അറസ്റ്റിൽ
വിലവർധനവ്, തൊഴിലില്ലായ്മ ജിഎസ്ടി എന്നിവയ്ക്കെതിരെ ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധം ; രാഹുലും പ്രിയങ്കയും അറസ്റ്റിൽ
ന്യൂഡൽഹി: അവശ്യസാധനങ്ങളുടെ വിലവർധനവ് തൊഴിലില്ലായ്മ ജിഎസ്ടി എന്നിവയ്ക്കെതിരെ കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവൻ മാർച്ചിനുമാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡൽഹി പോലീസ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് പാർലമെന്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.
രാഹുൽഗാന്ധിക്കൊപ്പം ശശി തരൂർ എംപി, ഹൈബി ഈഡൻ എന്നിവരടക്കമുള്ള എം.പിമാരും നേതാക്കളും അറസ്റ്റ് വരിച്ചു. കറുപ്പ് വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സമാധാനമപരമായി പ്രതിഷേധം സംഘടിപ്പിച്ച എം.പിമാരെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ചിലരെ മർദിച്ചുവെന്നും രാഹുൽഗാന്ധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നം ഉയർത്തിക്കൊണ്ടുവരാനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും രാഹുൽഗാന്ധി പറഞ്ഞു. പ്രതിഷേധത്തിനിടെ മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെയടക്കം വലിച്ചിഴച്ച് കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്.
പാർട്ടി ഹെഡ് ക്വാട്ടേഴ്സിന് മുമ്പിൽ പ്രതിഷേധിച്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കറുപ്പണിഞ്ഞ് ഡൽഹിയിലെ പാർട്ടി ഹെഡ് ക്വാട്ടേഴ്സിന് മുമ്പിലായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം. പോലീസിന്റെ ബാരിക്കേഡ് ചാടിക്കടക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ വീഡിയോയും പുറത്തുവന്നു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭാ നടപടികൾ ഇന്നത്തേക്ക് നിർത്തിവെച്ചു. ഏകാധിപത്യത്തിനെതിരേ ശബ്ദമുയർത്തുന്നവരെയെല്ലാം ജയിലിലടക്കുകയും മർദിക്കുകയുമാണെന്ന് രാഹുൽഗാന്ധി ആരോപിച്ചു. ജനാധിപത്യത്തിന്റെ മരണം നടന്നുകൊണ്ടിരിക്കുകയാണ്. വർഷങ്ങളായി പടിപടിയായി ഉർത്തിക്കൊണ്ടുവന്നതെല്ലാം കൺമുന്നിൽ തകർന്ന് പോവുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും രാഹുൽഗാന്ധി പറഞ്ഞു.
ഡൽഹിയിലെ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന തലങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഗവർണർമാരുടെ വസതികൾ ഘരാവോ ചെയ്യാനാണ് ആഹ്വാനം. മണ്ഡലം, ബ്ലോക്ക്, ജില്ലാ തലങ്ങളിലും സമരം സംഘടിപ്പിക്കാൻ നിർദേശം നൽകിയിരുന്നു.