നഴ്സുമാരുടെ ഡ്യൂട്ടി എട്ട് മണിക്കൂര്‍ കവിയരുത്, ന്യായമായ പ്രതിഫലം നല്‍കണം : മാർഗരേഖ പുറത്തിറക്കി കേന്ദ്രം
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും ഇതര സ്ഥാപനങ്ങളിലെയും നഴ്സുമാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള കരട് മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. ഇത് നടപ്പാക്കിയെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. നിലവില്‍ പ്രധാനമായും സ്വകാര്യമേഖലയില്‍ നഴ്സുമാര്‍ അഭിമുഖീകരിക്കുന്ന തൊഴില്‍ ചൂഷണം തടയാന്‍ പര്യാപ്തമാണ് പുതിയ മാര്‍ഗരേഖ.
പ്രധാന നിര്‍ദേശങ്ങള്‍
- നഴ്സുമാരുടെ സാധാരണ ജോലിസമയം ആഴ്ചയില്‍ 40 മണിക്കൂറും ദിവസത്തില്‍ എട്ട് മണിക്കൂറും കവിയരുത്. ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് കോമ്പന്‍സേറ്ററി ഡേ-ഓഫ് പരിഗണിക്കണം.
- ഡ്യൂട്ടിയിലോ അവധിയിലോ ഉണ്ടാകുന്ന മാറ്റത്തിന് മുന്‍കൂര്‍ അനുമതി തേടുകയും വേണം. സ്ഥാപനങ്ങള്‍ സൗകര്യപ്രദമായ ജോലിസമയവും ഷിഫ്റ്റ് ഡ്യൂട്ടികളും പ്രോത്സാഹിപ്പിക്കണം.
- കഴിയുന്നിടത്തോളം, നഴ്സുമാരെ അവരുടെ പ്രഫഷനല്‍ അറിവും വൈദഗ്ധ്യവും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് താല്പര്യമുള്ള മേഖലകളില്‍ നിയമിക്കണം.
- ഓരോ വാര്‍ഡിലും/യൂനിറ്റിലും മതിയായ യോഗ്യതയുള്ള, പരിശീലനം സിദ്ധിച്ച നഴ്സുമാരെ നിയോഗിക്കണം.
- എല്ലാ നഴ്സിങ് ജീവനക്കാര്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധനയും പ്രതിരോധ കുത്തിവെപ്പും ചികിത്സസൗകര്യവും ഉറപ്പുവരുത്തണം.
- സ്ഥാപനത്തിന്റെ എല്ലാ യൂനിറ്റുകളിലും/വാര്‍ഡുകളിലും മതിയായ അടിസ്ഥാന സൗകര്യവും സുസജ്ജമായ വര്‍ക്ക് സ്റ്റേഷനുകളും ഉറപ്പാക്കണം.
- കുടിവെള്ളം, അടുക്കള, പ്രത്യേകം ശൗചാലയം, വസ്ത്രം മാറാനുള്ള മുറി, ലോക്കറുകള്‍, വൃത്തിയുള്ള യൂനിഫോം തുടങ്ങിയവ ഉറപ്പുവരുത്തണം.
- കഴിയുന്നിടത്തോളം ജീവനക്കാര്‍ക്ക് ആശുപത്രി പരിസരത്തോ സമീപത്തോ താമസസൗകര്യം നല്‍കണം.
- ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേകം വിശ്രമമുറികള്‍ ഏര്‍പ്പെടുത്തണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ക്രഷ് സൗകര്യവും സൗജന്യമായി നല്‍കണം.
- തൊഴില്‍സ്ഥലത്തെ ലൈംഗികാതിക്രമം തടയല്‍ നിയമം അനുസരിച്ച് ആന്തരിക പരാതി കമ്മിറ്റി രൂപവത്കരിക്കണം.
- രാത്രി ഷിഫ്റ്റുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആശുപത്രികള്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണം.
- പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കുകയും കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും മുതിര്‍ന്ന നഴ്സുമാരുടെ കീഴില്‍ പോസ്റ്റ് ചെയ്യുകയും വേണം.
- ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് നഴ്സിങ് സ്റ്റാഫിന് അവകാശമുണ്ട്.
- യോഗ്യതയുടെയും അനുഭവ പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ ന്യായമായ പ്രതിഫലം ഉറപ്പുവരുത്തണം.