രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ 38,147 ഒഴിവുകള്‍ ; ഉടൻ നിയമനം പൂർത്തിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍
1 min read
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ 38,147 ഒഴിവുകള്‍ ഉള്ളതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ജൂലൈ ഒന്നുവരെയുള്ള കണക്കനുസരിച്ച് ക്ലര്‍ക്ക്, ഓഫീസര്‍ തുടങ്ങിയ തസ്തികകളിലാണ് ഈ ഒഴിവുകള്‍. ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയിലാണ് ഏറ്റവുമധികം ഒഴിവുകള്‍. ഏകദേശം 6500ന് മുകളില്‍.
പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാട്ടാണ് ബാങ്കുകളിലെ ഒഴിവുകള്‍ വിശദീകരിച്ചത്. എസ്ബിഐ കഴിഞ്ഞാല്‍ ഏറ്റവുമധികം ഒഴിവുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഏകദേശം 6000 ഒഴിവുകളാണ് ഉള്ളത്.
ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവിടങ്ങളിലും ഒഴിവുകളുണ്ട്.
ജീവനക്കാര്‍ വിരമിച്ചതിനാലും മറ്റു കാരണങ്ങള്‍ കൊണ്ടുമാണ് ഒഴിവുകള്‍ വന്നത്. ഒഴിവുകള്‍ നികത്തുന്നതിന് ബാങ്കുകള്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.