കർക്കടക വാവുബലി; കാട്ടിക്കുളം, തിരുനെല്ലി, പൊൻകുഴി ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
1 min read
മാനന്തവാടി : കർക്കടക വാവുബലിയുടെ ഭാഗമായി കാട്ടിക്കുളം, തിരുനെല്ലി, പൊൻകുഴി എന്നിവിടങ്ങളിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തും. ജൂലൈ 27, 28 തീയതികളിൽ കാട്ടിക്കുളം മുതൽ തിരുനെല്ലിവരെയും 28 ന് മുത്തങ്ങ ആർ.ടി.ഒ. ചെക്പോസ്റ്റു മുതൽ മൂലഹള്ള വരെയുമാണ് നിയന്ത്രണമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.
തിരുനെല്ലിയിൽ ഇങ്ങനെ
• ജൂലൈ 27 ന് ഉച്ചയ്ക് രണ്ടുമുതൽ 28 ന് ഉച്ചയ്ക്ക് 12 മണിവരെ ബലിതർപ്പണത്തിന് എത്തുന്ന സ്വകാര്യ, ടാക്‌സി വാഹനങ്ങൾ കാട്ടിക്കുളത്തു നിന്ന് തിരുനെല്ലിയിലേക്ക് പോകാൻ അനുവദിക്കില്ല.
• സ്വകാര്യ വാഹനങ്ങളിലും മറ്റും വരുന്നവർ കാട്ടിക്കുളത്ത് ഇറങ്ങിയ ശേഷം തിരുനെല്ലിയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ താഴെ കാട്ടിക്കുളം ജങ്ഷൻ, കാട്ടിക്കുളം ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് യാത്ര തുടരണം.
• 27, 28 തീയതികളിൽ കാട്ടിക്കുളത്തു നിന്ന് തിരുനെല്ലി അമ്പലത്തിലേക്ക് 31 കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും.
• സ്വകാര്യവാഹനങ്ങൾ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ട്, ഗവ.എച്ച്.എസ്.എസ് ഗ്രൗണ്ട്, മലങ്കരപ്പള്ളി പാർക്കിങ്ങ് ഗ്രൗണ്ട്, എന്നീ സ്ഥലങ്ങളിൽ പാർക്കു ചെയ്യണം. ഡ്രൈവർമാർക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വിശ്രമ സൗകര്യം ഉണ്ടായിരിക്കും.
• കുട്ട, തോൽപ്പെട്ടി ഭാഗത്തു നിന്നു വരുന്നവർ 28 ന് ആറുമുതൽ തെറ്റ് റോഡ് ജങ്ഷനിൽ ആളെ ഇറക്കിയശേഷം വാഹനം തോൽപ്പെട്ടി റോഡിൽ ഇടതു വശത്തായി പാർക്കു ചെയ്യണം. യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര തുടരണം.
• തൃശ്ശിലേരി അമ്പലത്തിൽ ദർശനം നടത്തി തിരുനെല്ലിക്ക് പോകുന്നവർ കാട്ടിക്കുളം വഴി കെ.എസ്.ആർ.ടി.സി ബസിൽ പോവണം.
• 27 ന് ഉച്ചയ്ക്ക് രണ്ടുമുതൽ 28 ന് ഉച്ചയ്ക്ക് 12 മണിവരെ കാട്ടിക്കുളം പനവല്ലി റോഡിലൂടെയും അരണപ്പാറ റോഡിലൂടെയും തിരുനെല്ലിയിലേക്ക് സ്വകാര്യ ടാക്‌സി വാഹനങ്ങൾ അനുവദിക്കില്ല.
പൊൻകുഴിയിൽ ഇങ്ങനെ
• ബത്തേരി ഭാഗത്തു നിന്ന് ഗുണ്ടൽപ്പേട്ട് ഭാഗത്തേക്ക് പോകുന്ന ചരക്കു ലോറികളും ഹെവി വാഹനങ്ങളും 28 ന് രാവിലെ 11 മണിക്കു ശേഷം മാത്രമേ മുത്തങ്ങ ആർ.ടി.ഒ ചെക്പോസ്റ്റ് കടന്നു പോകാവൂ
• ഗുണ്ടൽപ്പേട്ട് ഭാഗത്തു നിന്ന് ബത്തേരി ഭാഗത്തേക്ക് വരുന്ന ചരക്കു ലോറികളും ഹെവി വാഹനങ്ങളും 28 ന് രാവിലെ 11 മണിക്കു ശേഷം മാത്രമേ കർണാടക മധൂർ ചെക്പോസ്റ്റ് കടന്നു വരാവൂ. കർണാടക ചാമരാജ് ജില്ലാ പോലീസുമായി ചർച്ച ചെയ്തതായി വയനാട് പോലീസ് പറഞ്ഞു.
• ബലിതർപ്പണത്തിന് എയെത്തുന്ന ഭക്തജനങ്ങൾ പൊൻകുഴിയിൽ റോഡിന്റെ ഒരുവശത്തു മാത്രം വാഹനങ്ങൾ പാർക്കു ചെയ്യണം. അമ്പലത്തിന്റെ 200 മീറ്റർ ചുറ്റളവിൽ ഒരു വാഹനവും പാർക്കു ചെയ്യാൻ അനുവദിക്കില്ല.
• 27, 28 തീയതികളിൽ ബലിതർപ്പണത്തിനായി പോവാൻ ബത്തേരിയിൽ നിന്ന് പൊൻകുഴി അമ്പലത്തിലേക്ക് 11 കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തും.