5 ശതമാനം ജിഎസ്‍ടി ആരൊക്കെ നല്‍കണമെന്ന് വ്യക്തതവരുത്തി കേന്ദ്രം
5 ശതമാനം ജിഎസ്‍ടി ആരൊക്കെ നല്‍കണമെന്ന് വ്യക്തതവരുത്തി കേന്ദ്രം
25 കിലോയില്‍ താഴെ തൂക്കമുള്ള പാക്ക് ചെയ്ത് ലേബല്‍ ചെയ്ത ഭക്ഷ്യധാന്യങ്ങള്‍ക്ക് 5 ശതമാനം ജിഎസ്‍ടി എര്‍പ്പെടുത്താന്‍ ജിഎസ്‍ടി കൗണ്‍സിലിന്‍റെ 47 -ാം യോഗത്തിലാണ് തീരുമാനിച്ചത്. എന്നാല്‍ നികുതിയേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വിവരങ്ങള്‍ പ്രചരിച്ചതോടെ ജനം കണ്‍ഫ്യൂഷനിലായി.
സാധാരണ പലചരക്ക് കടകളില്‍ ചെന്ന് ചില്ലറയായി പൊതിഞ്ഞു വാങ്ങുമ്പോള്‍ പോലും ഇനി 5 ശതമാനം ജിഎസ്‍ടി നല്‍കേണ്ടി വരുമെന്ന് വരെ വാര്‍ത്തകള്‍ വന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണവുമായി എത്തിയത്. പുതിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും ഉത്തരവുമായി വിശദമായ വാര്‍ത്താ കുറിപ്പാണ് ധനകാര്യ മന്ത്രാലയം ഇറക്കിയത്.
പാക്ക് ചെയ്ത ബ്രാന്‍ഡഡ് ഉല്‍ന്നങ്ങള്‍ക്ക് മാത്രം നികുതി എന്ന സമ്പ്രദായമാണ് ഒഴിവാക്കിയത്. 25 കിലോയില്‍ താഴെ തൂക്കമുള്ള പാക്കറ്റുകളില്‍ ലേബല്‍ ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് ഇനി 5% ജിഎസ്ടി നല്‍കണം. കൂടുതല്‍ പായ്ക്കറ്റുകള്‍ ഒരുമിച്ച് കെട്ടി വില്‍ക്കുകയാണെങ്കിലും ജിഎസ്ടി ബാധകമാണ്.
അരിക്കും ഗോതമ്പിനും പയറുവര്‍ഗങ്ങള്‍ക്കും നികുതി ബാധകം. പാക്ക് ചെയ്ത് ലേബല്‍ ചെയ്ത് വില്‍ക്കുന്നതെല്ലാം ജിഎസ്ടി പരിധിയില്‍ വരും. അളവ് തൂക്ക നിയമത്തിന്‍റെ പരിധിയില്‍ വരുന്ന പാക്കറ്റുകള്‍ക്കെല്ലാം 5% ജിഎസ്ടി നല്‍കണം.
എന്നാല്‍ ഇരുപത്തിയഞ്ച് കിലോയില്‍ കൂടിയ പാക്കറ്റുകള്‍ക്ക് ജിഎസ്ടി നല്‍കേണ്ട. അരിമില്ലുകളും 25 കിലോയില്‍ താഴെയുള്ള പാക്കറ്റുകള്‍ക്ക് നികുതി നല്‍കണം. ചില്ലറ വില്‍പന ശാലകളില്‍ പാക്കറ്റ് പൊട്ടിച്ച് വിറ്റാല്‍ നികുതി നല്‍കേണ്ട. ലേബല്‍ ചെയ്യാതെ പാക്ക് ചെയ്തോ പൊതിഞ്ഞോ വില്‍ക്കുകയാണെങ്കില്‍ ജിഎസ്ടി ബാധകമല്ല.