കമ്പളക്കാടിന് നൊമ്പരമായി അജ്മലിന്റെ വിയോഗം ; ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മരണപ്പെട്ട അൽത്താഫിനെയും അജ്മലിനെയും കണ്ണീരോടെ യാത്രയാക്കി
കമ്പളക്കാടിന് നൊമ്പരമായി അജ്മലിന്റെ വിയോഗം ; ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മരണപ്പെട്ട അൽത്താഫിനെയും അജ്മലിനെയും കണ്ണീരോടെ യാത്രയാക്കി
Report : RAZAK C PACHILAKKAD
കമ്പളക്കാട് : ചുരുങ്ങിയ വർഷം കൊണ്ട് കമ്പളക്കാട്ടുകാരുടെ സ്നേഹസ്പർശം സ്വന്തമാക്കിയ യുവാവായിരുന്നു കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട കമ്പളക്കാട് പൂവനാരിക്കുന്ന് നടുക്കണ്ടി അബ്ദുവിന്റെയും താഹിറയുടെയും മകൻ എൻ.കെ. അജ്മൽ (20). ശനിയാഴ്ച ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിലായിരുന്നു അജ്മൽ മരണപ്പെട്ടത്. അജ്മലിന്റെ കൂടെയുണ്ടായിരുന്ന സഹായിയും ബന്ധുവുമായ കോഴിക്കോട് കൂരാച്ചുണ്ട് അത്യോടി ഹൈസ്കൂൾ റോഡിൽ ചീനിക്കൽ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് അൽത്താഫ് (22) ഉം സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു ഇരുവരുടെയും വിയോഗത്തിന് ഇടയാക്കിയ ദുരന്തം ഉണ്ടായത്. കർണാടകയിലെ ഗുണ്ടൽപേട്ടിൽ ഉള്ളി എടുക്കാൻ പോയ അജ്മലും, മാതൃസഹോദരിയുടെ മകൻ അൽത്താഫും സഞ്ചരിച്ച പച്ചക്കറിവാഹനം ഗുണ്ടൽപ്പേട്ടിന് സമീപം കൊല്ലഗൽ – കോഴിക്കോട് ദേശീയപാതയിൽ മദ്ദൂരിൽ എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ചാമരാജനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തി ഇരുവരുടെയും മൃതദേഹങ്ങൾ ഞായറാഴ്ച നാലു മണിയോടെ കമ്പളക്കാടെത്തിച്ചു. പ്രിയപ്പെട്ട അജ്മലിനെ ഒരു നോക്കുകാണാൻ അൻസാരിയ മദ്റസയിൽ മൂന്നരയോടെ ആയിരങ്ങൾ തടിച്ചു കൂടിയിരുന്നു. എന്നാൽ അജ്മലിന്റെ ഉമ്മയുടെ വീടായ കൈതപ്പൊയിലിൽ ആയിരുന്നു ഖബറടക്കം. അതിനാൽ മൃതദേഹങ്ങൾ എത്രയും വേഗത്തിൽ കൂരാച്ചുണ്ടിലും കൈതപ്പൊയിലിലും എത്തിക്കേണ്ടിയിരുന്നതിനാൽ മൃതദേഹങ്ങൾ പൊതു ദർശനത്തിന് വെച്ചില്ല. മദ്റസ ഹാളിൽ മയ്യത്ത് നമസ്ക്കരിച്ച ശേഷം ഉടനെ തന്നെ മൃതദേഹങ്ങൾ കോഴിക്കോട്ടേക്ക് തിരിച്ചു. വൈകീട്ട് ആറു മണിയോടെ കൈതപ്പൊയിൽ വലിയ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ അജ്മലിന്റെയും , കൂരാച്ചുണ്ട് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ അൽത്താഫിന്റെയും ഖബറടക്കം നടന്നു.
മേപ്പാടി കാപ്പംകൊല്ലിയിൽ നിന്നും ഒൻപത് വർഷം മുമ്പാണ് അജ്മലിന്റെ കുടുംബം കമ്പളക്കാട് പൂവനാരിക്കുന്നിൽ താമസമാക്കിയത്. കമ്പളക്കാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു അജ്മൽ. എം.എസ്.എഫിന്റെയും, എസ്.കെ.എസ്.എസ്.എഫിന്റെയും സജീവ പ്രവർത്തകനും സേവകനുമായിരുന്നു. ഇടപെടുന്ന ആളുകളുടെയെല്ലാം സ്നേഹം പിടിച്ചുപറ്റാൻ കഴിവുള്ള വ്യക്തിത്വമായിരുന്നു ഈ യുവാവിന്. നാട്ടുകാരുടെ എന്ത് ആവശ്യങ്ങൾക്കും ഓടിയെത്തും. ഏറ്റെടുക്കുന്ന കാര്യങ്ങളെല്ലാം ആത്മാർത്ഥയോടെ ചെയ്തു തീർക്കുന്ന നിശ്കളങ്കനായിരുന്നു. കഴിഞ്ഞ ദിവസം കണിയാമ്പറ്റയിൽ നടന്ന ഇഫ്ത്താർ സംഗമത്തിലും അജ്മലിന്റെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മൂന്നു മാസത്തെ ഗൾഫ് ജീവിതത്തിന് ശേഷം നാട്ടിലെത്തി കടകളിൽ സെയിൽസ്മാനായും വാഹനങ്ങളിൽ ഡ്രൈവറായും ജോലി എടുത്ത് സമ്പാദ്യം കണ്ടെത്തുകയായിരുന്നു. ഇതിനിടെയാണ് മരണപ്പെട്ട ഇരുവരുടെയും നാട്ടിലെ പച്ചക്കറി കടയിലേക്കായി വില്പനയ്ക്കായി ഉള്ളിയെടുക്കാൻ പോയത്. ദുരന്തയാത്രയായി മാറുകയായിരുന്നു.
2019 ൽ കൈതപ്പൊയിലിൽ വെച്ച് അജ്മലിന്റെ മാതൃസഹോദരിയുടെ മകൻ മുഹമ്മദ് ഖാസിം (20) ബൈക്കപകടത്തിൽ മരണപ്പെട്ടിരുന്നു. ഖാസിമിന്റെ ആണ്ടാണ് ( ചരമ വാർഷികം) ഇന്ന്. അതിനാൽ അജ്മലിന്റെ മാതാവ് താഹിറയും സഹോദരി അംന ഫാത്തിമയും സംഭവ ദിവസം അവിടെ ആയിരുന്നു. പിതാവ് അബ്ദു ഗൾഫിലാണ്. കൈതപ്പൊയിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖാസിമിന്റെ ഖബറിനോട് ചേർന്നാണ് അജ്മലിന്റെ ഖബറും. Report : RAZAK C PACHILAKKAD