ലോകത്ത് പാചക വാതകത്തിന് വില ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ ; പെട്രോള്‍ വില മൂന്നാമത്
ലോകത്ത് പാചക വാതകത്തിന് വില ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ ; പെട്രോള്‍ വില മൂന്നാമത്
ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന പാചക വാതക വില ഇന്ത്യയില്‍. ലിറ്റര്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന വിപണി വിലയിലാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പാചക വാതകം ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വിപണയില്‍ കറന്‍സികളുടെ മൂല്യം പരിഗണിക്കുമ്പോഴാണ് രാജ്യത്തെ ഉപഭോക്താവ് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ തുക ദ്രവീകൃത വാതകത്തിന് നല്‍കേണ്ടിവരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍, പെട്രോള്‍ ലിറ്ററിന് ലോകത്ത് വില മൂന്നാമതാണെന്നും ഡീസല്‍ വില എട്ടാമതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
അന്താരാഷ്ട്ര വിപണിയിയിലെ വിലക്കയറ്റമാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ആഭ്യന്തര വിപണയില്‍ ഡോളറുമായി ഉയര്‍ന്ന വിനിമയ നിരക്കുള്ളതാണ് രാജ്യത്ത് ഉയര്‍ന്ന വിലയക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ശരാശരി വരുമാനവും രാജ്യത്തെ ഉപഭോക്താവിന് കൂടിയ ഇന്ധന വില നല്‍കേണ്ടി വരാന്‍ കാരണമാവുന്നു.
ഏറ്റവും അവസാനമായി വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് 256 രൂപയായിരുന്നു വര്‍ധിപ്പിച്ചത്. നിലവില്‍ 2256 രൂപയാണ് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള വാണിജ്യ സിലിണ്ടറിന്റെ വില. ഈ മാസം തുടക്കത്തില്‍ പ്രകൃതി വാതക വിലയില്‍ ഇരട്ടിയിലേറെ വര്‍ധനയുണ്ടായിരുന്നു. ഇതോടെ എല്ലാ രീതിയിലും ഉപയോഗിക്കുന്ന എല്‍പിജിയുടെ വില വര്‍ധിച്ചിരുന്നു. ആഗോള വിപണയില്‍ വില ഉയരുന്നതാണ് അന്നും വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയില്‍ സാധാരണയായി രണ്ട് തവണയാണ് പ്രകൃതി വാതക വില വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനുമായി ആറുമാസം കൂടുമ്പോഴാണ് വില വര്‍ധനവ് നടപ്പിലാക്കുക.