September 24, 2024

വള്ളിയൂര്‍ക്കാവ് ആറാട്ടു മഹോത്സവത്തിന് ഇന്ന് തുടക്കമാവും

1 min read
Share

വള്ളിയൂര്‍ക്കാവ് ആറാട്ടു മഹോത്സവത്തിന് ഇന്ന് തുടക്കമാവും

മാനന്തവാടി: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് ഇന്ന് ( മാര്‍ച്ച് 15 ചൊവ്വാഴ്ച ) തുടക്കമാകും. ഇന്ന് രാവിലെ 9 – ന് താഴെ കാവില്‍ ഉത്സവാഘോഷ കമ്മിറ്റി ഓഫീസ് സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്യും. 21 ന് കൊടിയേറ്റം നടക്കും. 24 ന് ഒപ്പന വരവ് നടക്കും.28 ന് വിവിധ ഇടങ്ങളില്‍ നിന്നും ഗജവീരന്മാരുടെ അകമ്പടിയോടെ അടിയറ എഴുന്നള്ളത്ത് നടക്കും. 29 ന് പുലര്‍ച്ചെ കോലം കൊറയോടെ ഉത്സവം സമാപിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അന്നപൂര്‍ണ്ണേശ്വരി ഹാളില്‍ അന്നദാനവും മേലേക്കാവില്‍ ക്ഷേത്ര കലകളും താഴെ കാവില്‍ സാംസ്‌ക്കാരിക സമ്മേളനവും കലാപരിപാടികളും അരങ്ങേറും.

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ മുന്നോടിയായി വാള്‍ എഴുന്നെള്ളിപ്പ് ഇന്നലെ നടന്നു. വൈകുന്നേരം പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള വാള്‍ വള്ളിയൂര്‍ക്കാവ് മേല്‍ശാന്തി ശ്രീജേഷ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് എഴുന്നെള്ളിച്ചത്.

ഗജവീരന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയായിരുന്നു എഴുന്നെള്ളിപ്പ് ചടങ്ങ് നടന്നത്. ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി.മോഹന്‍ദാസ്, ടി.കെ അനില്‍കുമാര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ സി.വി ഗിരീഷ് കുമാര്‍, ആഘോഷ കമ്മിറ്റി ഭാരവാഹികളായ വിപിന്‍ വേണുഗോപാല്‍, അശോകന്‍ കൊയിലേരി, സന്തോഷ് ജി. നായര്‍, എന്‍.സി ഗിരീഷ് തുടങ്ങിയവര്‍ നേതൃതം നല്‍കി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.