വരള്‍ച്ച ലഘൂകരണം – വയനാട് ജില്ലയിൽ മുന്നൊരുക്കങ്ങള്‍ തുടങ്ങി
1 min readവരള്‍ച്ച ലഘൂകരണം – വയനാട് ജില്ലയിൽ മുന്നൊരുക്കങ്ങള്‍ തുടങ്ങി
കൽപ്പറ്റ : വേനല്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ചയും ജലക്ഷാമവും നേരിടാന്‍ ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ തുടങ്ങി. മുന്‍ വര്‍ഷങ്ങളില്‍ രൂക്ഷമായ വരള്‍ച്ച നേരിട്ട പ്രദേശങ്ങളില്‍ വരള്‍ച്ചാ ലഘൂകരണത്തിനായി ആവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂറായി ഏര്‍പ്പെടുത്തുന്നതിന് എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
പഞ്ചായത്തുകളില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കിയോസ്‌ക്കുകളും ടാങ്കുകളും മാര്‍ച്ച് 31 നകം വൃത്തിയാക്കണം. തദ്ദേശ സ്വയം ഭരണ ജോയിന്റ് ഡയറക്ടര്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴകള്‍ തോടുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലെ തടയണകള്‍ ഷട്ടറുകള്‍ താഴ്ത്തി പരമാവധി വെള്ളം സംഭരിക്കുന്നതിനുളള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണം.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജല സംഭരണത്തിനായി ചെറിയ പുഴകളിലും തോടുകളിലും താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നതിനും ജലസ്രോതസ്സുകള്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കാനും തീരുമാനമായി. പട്ടികവര്‍ഗ്ഗ കോളനി പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹാന്‍ഡ് പമ്പുകളില്‍ കേടായവ അടിയന്തരമായി അറ്റകുറ്റ പണികള്‍ക്ക് വിധേയമാക്കണം.
ഇത്തരത്തില്‍ തകരായ പമ്പുകളുടെയും കുഴല്‍ കിണറുകളുടെയും വിവരങ്ങള്‍ ഭൂജല വകുപ്പിനെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കി. വരള്‍ച്ച ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ വരും ദിവസങ്ങളിലെ സാഹചര്യമനുസരിച്ച് നടപ്പാക്കുമെന്ന് എ.ഡി.എം പറഞ്ഞു.