December 5, 2024

വരൂ, വയനാട് കാണാം: മൊബൈല്‍ വീഡിയോ പ്രദര്‍ശനം തുടങ്ങി

Share

വരൂ, വയനാട് കാണാം: മൊബൈല്‍ വീഡിയോ പ്രദര്‍ശനം തുടങ്ങി

കൽപ്പറ്റ : വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ചിത്രങ്ങളുടെ മൊബൈല്‍ എല്‍.ഇ.ഡി വാള്‍ പ്രദര്‍ശനം ആരംഭിച്ചു. കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ എ.ഗീത ഫ്‌ളാഗ് ഓഫ് ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ലോ ഓഫീസര്‍ കെ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വയനാടിന്റെ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 11 ലഘു വീഡിയോ ചിത്രങ്ങളാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയത്. പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലഘുവിവരണമടങ്ങിയ വീഡിയോ ചിത്രങ്ങള്‍ എക്‌സ്‌പ്ലോര്‍ വയനാട് – വരൂ, വയനാട് കാണാം – എന്ന ടൈറ്റിലിലാണ് സംവിധാനിച്ചിരിക്കുന്നത്. വയനാട് കാണാന്‍ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നും എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വിവിധ ടൂറിസം കേന്ദ്രങ്ങളെ മനസ്സിലാക്കാന്‍ ഇംഗ്ലീഷില്‍ ഉള്‍പ്പെടെയുള്ള വിവരണങ്ങള്‍ സഹായിക്കും. ജില്ലാ ആസ്ഥാനത്ത് നിന്ന് ഓരോ സ്പോട്ടിലേക്കുമുള്ള ദൂരവും വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പിന്റെയും വനം വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും പുരാവസ്തു വകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും നിയന്ത്രണത്തിലുള്ള ടൂറിസം സ്പോട്ടുകളെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എടക്കല്‍ ഗുഹ, അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, കാരാപ്പുഴ ഡാം – മെഗാ ടൂറിസം പാര്‍ക്ക്, കര്‍ളാട് തടാകം,. കുറുവ ദ്വീപ്, കാന്തന്‍പാറ, സൂചിപ്പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങള്‍, പഴശ്ശി മ്യൂസിയം- പഴശ്ശി പാര്‍ക്ക്, ചെമ്പ്ര പീക്ക്, ചീങ്ങേരി മല അഡ്വഞ്ചര്‍ ടൂറിസം, വയനാട് ചുരം- പൂക്കോട് തടാകം, മുത്തങ്ങ- തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങള്‍, ബാണാസുരസാഗര്‍ ഡാം തുടങ്ങി പ്രധാനപ്പെട്ട എല്ലാ സ്പോട്ടുകളും വീഡിയോകളിലുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.