കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാർഥ്യമാവുന്നു ; പാടങ്ങളിൽ ഇനി നഞ്ചും പുഞ്ചയും വിളയും
കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാർഥ്യമാവുന്നു ; പാടങ്ങളിൽ ഇനി നഞ്ചും പുഞ്ചയും വിളയും
കോട്ടത്തറ : കോട്ടത്തറ പഞ്ചായത്തിലെ പുഴക്കലിടം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം നാളെ ( വെള്ളി ) നാടിന് സമര്‍പ്പിക്കും. വൈകിട്ട് 3 ന് നടക്കുന്ന ചടങ്ങില്‍ അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എ.ഗീത മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരമാകും.
1.93 കോടി രൂപ ചെലവിട്ടാണ് കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. വൈത്തിരി പുഴയില്‍ നിന്നും വെളളം പമ്പ് ചെയ്യുന്നതിനായി 13.15 * 5.5 മീറ്റര്‍ വിസ്തൃതിയില്‍ 2 നിലകളുള്ള പമ്പ് ഹൗസ് ആണ് പദ്ധതിക്കായി പൂര്‍ത്തീകരിച്ചിരിക്കുന്നത്. 75 എച്ച് പിയുടെ 3 മോട്ടോറുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പുഴയില്‍ ജലനിരപ്പ് ഉയരുന്ന മുറക്ക് സുരക്ഷിതമായി മോട്ടോര്‍ വയ്ക്കുന്നതിനും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
40 മീറ്റര്‍ നീളത്തില്‍ പാര്‍ശ്വ സംരക്ഷണ ഭിത്തിയും, പമ്പ് ഹൗസില്‍ നിന്നും പാടശേഖരത്തിലേക്ക് ജലം എത്തിക്കുന്നതിനായി 400 മീല്ലീ മീറ്റര്‍ വ്യാസവും 820 മീറ്റര്‍ നീളവുമുള്ള പൈപ്പ് ലൈനും 625 മീറ്റര്‍ കോണ്‍ക്രീറ്റ് കനാലും പദ്ധതിയില്‍ നിര്‍മിച്ചിട്ടുണ്ട്. നെല്‍കൃഷിയ്ക്ക് വേണ്ടത്ര വെളളം ലഭ്യമല്ലാതിരുന്നതിനാല്‍ നഞ്ചകൃഷി മാത്രമാണ് പ്രദേശത്തെ പാടശേഖരങ്ങളില്‍ ചെയ്തിരുന്നത്. പാടശേഖരങ്ങളിലേക്ക് ഇനി യഥേഷ്ടം വെള്ളം എത്തുന്നതോടെ ഇരുപ്പ് കൃഷിയും അതിനപ്പുറവും ചെയ്യാമുളള ഒരുക്കത്തിലാണ് പുഴക്കലിടത്തെ കര്‍ഷകര്‍.