December 5, 2024

കുടുംബശ്രീക്ക് വിതരണം ചെയ്ത മണ്ണിരക്കമ്പോസ്റ്റിൽ തൂക്കക്കുറവ്; യു.ഡി.എഫ് പനമരം പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു : ലീഗൽ മെട്രോളജി പിഴയും ചുമത്തി

Share


കുടുംബശ്രീക്ക് വിതരണം ചെയ്ത മണ്ണിരക്കമ്പോസ്റ്റിൽ തൂക്കക്കുറവ്; യു.ഡി.എഫ് പനമരം പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു : ലീഗൽ മെട്രോളജി പിഴയും ചുമത്തി

പനമരം: പനമരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂണിറ്റുകൾക്ക് വിതരണം ചെയ്ത മണ്ണിരക്കമ്പോസ്റ്റ് ജൈവവളത്തിൽ തൂക്കക്കുറവെന്ന് പരാതി. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി പനമരത്തെ സഹകരണസംഘമായ ഹോപ്കോവഴി നടപ്പാക്കിയ പദ്ധതിയിലാണ് തൂക്കക്കുറവുള്ളതായി പരാതി ഉയരുന്നത്. ഇതേത്തുടർന്ന് യു.ഡി.എഫ്. തിങ്കളാഴ്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു. താത്‍കാലികമായി ജൈവവള വിതരണം നിർത്തിവെക്കുമെന്ന ഉറപ്പിലാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

പരാതി ലഭിച്ചതോടെ വയനാട് ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ രാജേഷ് സാമിന്റെ നേതൃത്വത്തിലുള്ള സംഘം ഹോപ്കോയിലെത്തി ജൈവവള ചാക്കുകൾ തൂക്കിനോക്കി. പരിശോധനയിൽ 2.7 കിലോഗ്രാമിന്റെ കുറവുള്ളതായി കണ്ടെത്തി. കേസെടുത്തു. കൂടാതെ ലീഗൽ മെട്രോളജിയുടെ പായ്ക്കിങ് രജിസ്ട്രേഷൻ എടുത്തിട്ടില്ലെന്നും കണ്ടെത്തി.

മൂന്നുദിവസമായി വാർഡ്‌ തലങ്ങളിൽ പദ്ധതിവഴി കമ്പോസ്റ്റ് വിതരണം നടന്നിരുന്നു. 15 ലക്ഷം രൂപയോളം ഇതിനായി പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ചാക്കിന് മുകളിൽ പത്തുകിലോ എന്നും 220 രൂപയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കുടുംബശ്രീക്ക് ലഭിച്ച ചാക്കുകളിൽ തൂക്കക്കുറവുണ്ടെന്ന് സംശയം തോന്നിയവർ തൂക്കിനോക്കിയതോടെയാണ് വിഷയം ചർച്ചയായത്. മണ്ണിരക്കമ്പോസ്റ്റ് പായ്ക്കുചെയ്തുവെച്ചിട്ട് കുറച്ചുദിവസങ്ങളായെന്നും ഉണങ്ങിയതുകൊണ്ടാണ് തൂക്കത്തിൽ കുറവ് വന്നതെന്നും ഹോപ്കോ അധികൃതർ പ്രതികരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.