December 7, 2024

കമ്പളക്കാട് ടൗണിലും സീബ്രാലൈൻ വരച്ച് പനമരം പൗരസമിതി

Share

കമ്പളക്കാട് ടൗണിലും സീബ്രാലൈൻ വരച്ച് പനമരം പൗരസമിതി

കമ്പളക്കാട് : തിരക്കേറിയതും ജില്ലയിലെ പ്രധാന ടൗണുകളിലൊന്നുമായ കമ്പളക്കാട് ടൗണിലും സീബ്രാവരകൾ വരച്ച് പനമരം പൗരസമിതി പ്രവർത്തകർ മാതൃകയായി. മാസങ്ങളോളമായി  മാഞ്ഞു കിടന്നിട്ടും പുന:സ്ഥാപിക്കാൻ അധികൃതർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് പൗരസമിതി പ്രവർത്തകർ സീബ്രാലൈൻ വരച്ചത്.
പഞ്ചായത്ത് ബസ് സ്റ്റാൻഡിന് മുൻവശം, ഗവ. യു.പി.സ്കൂള്‍ ജംഗ്‌ഷൻ, ടൗണ്‍ മുസ്ലിം പള്ളിക്കു സമീപം, പള്ളിക്കുന്ന് ജംഗ്‌ഷൻ, എസ്.ബി.ഐയ്ക്ക് സമീപം, ചാരായ വളവ് തുടങ്ങി ആറിടങ്ങളിലാണ് മാഞ്ഞു പോയ വരകൾ പുന:സ്ഥാപിച്ചത്. രണ്ടാഴ്ച മുമ്പ് ഏഴു മാസത്തിന് മുകളിലായി സീബ്രാ വരകൾ ഇല്ലാതിരുന്ന പനമരം ടൗണിലും ഇവർ സിബ്രാലൈൻ വരച്ചിരുന്നു. പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാക്ക് സി. പച്ചിലക്കാട്, ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട്, ട്രഷറർ വി.ബി രാജൻ, അംഗങ്ങളായ, ജലീൽ കൊച്ചി, ടി.ഖാലിദ്, മൂസ കുളിവയൽ, സജി എക്സൽ എന്നിവർ നേതൃത്വം നൽകി. പനമരം കരിമ്പുമ്മൽ ഇന്ത്യാസ്റ്റീൽ ലിംഗ്സ് കടയുടമ സുലൈമാൻ മുരിക്കഞ്ചേരി ആവശ്യമായ പെയിന്റും ബ്രെഷും സ്‌പോൺസർ ചെയ്തു.
മാനന്തവാടി – കൽപ്പറ്റ സംസ്ഥാന പാതയിൽ ഉൾപ്പെടുന്ന കമ്പളക്കാട് ടൗണിലെ സീബ്രാ വരകളിൽ ഒറ്റയൊന്നുപോലും കാണാന്‍ കഴിയാത്ത വിധം മാഞ്ഞിരുന്നു. അതിനാൽ കാൽനട യാത്രികർ റോഡ് മുറിച്ചു കടക്കുമ്പോൾ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകൾ ഏറെയായിരുന്നു. ഏതാണ്ട് ഒരു വർഷത്തോളമായി സീബ്രാ വരകൾ മാഞ്ഞിട്ടെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. എന്നിട്ടും വരകൾ പുനഃസ്ഥാപിക്കാത്തത് പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ജനസാന്ദ്രത ഏറിയതും കോടത്തറ, പള്ളിക്കുന്ന്, വെണ്ണിയോട് , മുട്ടിൽ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള റോഡുകൾ ഉള്ളതുമായ ടൗണിൽ ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ എത്താറുണ്ട്. ഇതുവഴി കടന്നുപോവുന്ന വാഹനങ്ങളുടെ എണ്ണവും ഗണ്യമായി വർധിച്ചിരിക്കുകയാണ്. അതിനാൽ ഗതാഗതക്കുരുക്കും പതിവാണ്. വിദ്യാർഥികളും, വയോധികരും ഉൾപ്പെടെ റോഡ് മുറിച്ചു കടക്കുമ്പോൾ ചെറിയ അശ്രദ്ധ പോലും അപകടത്തിനിടയാക്കും. സീബ്രാവരകൾ മനസിലാക്കാന്‍ കഴിയാത്തതിനാല്‍ പലപ്പോഴും വാഹനങ്ങള്‍ വരകൾക്കു മുകളിലായി പാര്‍ക്കു ചെയ്യാറുമുണ്ട്. ഇതോടെയാണ് കാല്‍നട യാത്രികർക്ക് സുരക്ഷ ഒരുക്കി സഞ്ചാരം സുഗമമാക്കാൻ പൗരസമിതി പ്രവർത്തകർ സീബ്രാവരകൾ ഒരുക്കിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.