December 7, 2024

സർക്കാർ അവഗണ അവസാനിപ്പിക്കണം – കേരള കുംഭാര സമുദായ സഭ

Share

സർക്കാർ അവഗണ അവസാനിപ്പിക്കണം – കേരള കുംഭാര സമുദായ സഭ

പനമരം: കേരള കുംഭാര സമുദായ സഭയുടെ വയനാട് ജില്ല കമ്മിറ്റി ജനറല്‍ ബോഡി യോഗം പനമരം കുംഭാര കോളനിയില്‍ നടന്നു. തെലുങ്ക് കുംഭാരന്മാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. കേരളത്തിലെ കുംഭാരന്മാരെ കുറിച്ചുള്ള കിർത്താഡ്‌സ് പഠന റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രസ്തുത റിപ്പോർട്ടിൽ ആർട്ടിക്കിൾ 341 പ്രകാരം പ്രത്യേക സംവരണം നൽകി സംരക്ഷിക്കേണ്ട ഒരു വിഭാഗമാണ് കുംഭാര സമുദായം എന്ന് പറഞ്ഞിട്ടുണ്ട്. കുംഭാരന്മാർ പല സ്ഥലങ്ങളിലും വിവിധ ജാതി പേരിൽ തെറ്റായി അറിയപ്പെടുന്നുണ്ട്. ഇതു പരിഹരിക്കാൻ ഒരു ഏകീകൃത ജാതി സർട്ടിഫിക്കറ്റിനു വേണ്ടി പലപ്രാവശ്യം നിവേദനങ്ങൾ കൊടുത്തിരുന്നു. എങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 

പരമ്പരാഗതമായി മൺപാത്രനിർമാണം കുലത്തൊഴിലായി സ്വീകരിച്ചു വരുന്ന സമുദായമായിരുന്നിട്ടു കൂടി മൺപാത്ര നിർമാണത്തെ ഇതുവരെ പരമ്പരാഗത തൊഴിൽ ആയി അംഗീകരിച്ചിട്ടില്ല. ക്ഷേമ നിധിയുടെയോ ക്ഷേമപെൻഷന്റെയോ ആനുകൂല്യങ്ങൾ കിട്ടുന്നില്ല. പ്രശ്ന പരിഹാരത്തിനായി നേരിട്ട് നിവേദനങ്ങൾ നൽകിയെങ്കിലും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യോഗം കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ അവഗണനക്കെതിരെ യോഗം കടുത്ത പ്രതിഷേധവും രേഖപ്പെടുത്തി.

യോഗത്തിൽ മെമ്പർഷിപ്പ് വിതരണവും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡണ്ട് വിജയന്‍ പാടുക്കാട് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി രാജു ചേളാരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിടന്റ് രാജന്‍ വാവൂര്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ഗോവിന്ദന്‍ ഒളവണ്ണ, വയനാട് ജില്ല കമ്മിറ്റിയംഗം സുനില്‍ പനമരം, സുരേഷ് മേപ്പാടി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ബാലസുബ്രഹ്മണ്യന്‍ മേപ്പാടി ( ജില്ല പ്രസിഡണ്ട് ), സുനില്‍ പനമരം ( ജില്ല സെക്രട്ടറി ), അനില്‍ കുമാര്‍ മീനങ്ങാടി ( ട്രഷറര്‍ ), എക്സിക്യൂട്ടീവ്‌ അംഗങ്ങളായി നാരായണന്‍ കുട്ടി പുല്‍പ്പള്ളി, സുരേഷ് മേപ്പാടി, അമ്മു കോട്ടപ്പുറം, കുഞ്ഞുമണി കാക്കവയല്‍.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.