September 9, 2024

ഇനി ഭീതിയില്ലാതെ റോഡ് മുറിച്ചു കടക്കാം; ലോക്ക്ഡൗൺ ദിനത്തിൽ സീബ്രാലൈൻ പുനഃസ്ഥാപിച്ച് പനമരം പൗരസമിതി പ്രവർത്തകർ

1 min read
Share

ഇനി ഭീതിയില്ലാതെ റോഡ് മുറിച്ചു കടക്കാം; ലോക്ക്ഡൗൺ ദിനത്തിൽ സീബ്രാലൈൻ പുനഃസ്ഥാപിച്ച് പനമരം പൗരസമിതി പ്രവർത്തകർ

പനമരം: ജില്ലയിലെ പ്രധാന ടൗണുകളിൽ ഒന്നായ പനമരത്ത് ഏഴു മാസത്തിന് മുകളിലായി സീബ്രാ വരകൾ പാടെ മാഞ്ഞു പോയിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി പ്രവർത്തകർ ഞായറാഴ്ച സീബ്രാ വരകൾ വരച്ച് മാതൃക തീർത്തു. ദിനംപ്രതി നൂറു കണക്കിന് വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെ എത്തുന്ന ഇവിടെ റോഡ് മുറിച്ചു കടക്കണമെങ്കിൽ ജീവൻ പണയം വെക്കേണ്ട ഗതികേടിലായിരുന്നു.

പനമരം പാലംകവല, ആശുപത്രികവല, ബസ് സ്റ്റാൻഡ് പരിസരം, പഞ്ചായത്ത് പരിസരം എന്നിവിടങ്ങളിലാണ് പൗരസമിതി പ്രവർത്തകർ സീബ്രാലൈൻ ഒരുക്കിയത്. മാഞ്ഞുപോയ വരകളൊരുക്കാൻ ബന്ധപ്പെട്ടവർ നിസ്സംഗത കാണിക്കുന്നത് ഏറെ അപലപനീയമാണെന്ന് പൗരസമിതിയംഗങ്ങൾ പറഞ്ഞു. പലതവണ ഇവ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് ചെവിക്കൊണ്ടില്ലെന്നും കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടാവുന്നതെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി.

പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാക്ക് സി. പച്ചിലക്കാട്, ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട്, അംഗങ്ങളായ അജ്മൽ തിരുവാൾ, മൂസ കൂളിവയൽ, ജലീൽ കൊച്ചി, നോഹ വിൻ ജോർജ് , പി.എൻ മഹ്റൂഫ് , കെ.സി സഹദ് എന്നിവർ നേതൃത്വം നൽകി. പനമരത്തെ ഗിഫ്റ്റ് ഹൗസ് കടയുടമ ടി.കെ അഷ്റഫ് ആവശ്യമായ പെയിന്റും ബ്രെഷും സ്‌പോൺസർ ചെയ്തു.


സീബ്രാലൈൻ ഇല്ലാത്ത കൽപ്പറ്റ – മാനന്തവാടി സംസ്ഥാന പാതയിൽപ്പെടുന്ന പനമരം ടൗണിൽ വാഹനങ്ങളുടെ അതിപ്രസരം ഇവിടെ എത്തുന്ന സ്കൂൾ കുട്ടികൾക്കും , കാൽനടയാത്രക്കാർക്കും വിനായായി തീർന്നിട്ടും നാളിതുവരെയായി ബന്ധപ്പെട്ടവർ സീബ്രാലൈൻ പുനസ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. പരിഹാരം കാണാത്തതിനെ തുടർന്നാണ് പനമരത്തെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പൗരസമിതിയംഗങ്ങൾ മഹാത്മാ ഗാന്ധിയുടെ ചരമദിനത്തിൽ സീബ്രാലൈൻ വരച്ച് മാതൃകയായത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.