പനമരത്ത് ജി.എസ്.ടി വകുപ്പിന്റെ വാഹന പരിശോധന; ലോറി വയലിലേക്ക് താഴ്ന്നു
പനമരത്ത് ജി.എസ്.ടി വകുപ്പിന്റെ വാഹന പരിശോധന; ലോറി വയലിലേക്ക് താഴ്ന്നു
പനമരം: പനമരം ആര്യന്നൂർ നടയിൽ ജി.എസ്.ടി വകുപ്പിന്റെ വാഹന പരിശോധയ്ക്കിടെ ലോറി നിയന്ത്രണം വിട്ട് സമീപത്തെ വയലിലേക്ക് താഴ്ന്നിറങ്ങി. വാഹന പരിശോധനയ്ക്കായി ജി.എസ്.ടി അധികൃതർ ഒരു വാഹനത്തിന് കൈ കാണിച്ചപ്പോൾ പുറകെ വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. പനമരം – മാനന്തവാടി സംസ്ഥാനപാതയരികിലെ ആര്യന്നൂർ നടയിൽ വെച്ച് മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു വാഹനം ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ പെട്ടെന്ന് നിറുത്താൻ ശ്രമിച്ചു. ഈ വാഹനത്തിന് തൊട്ടു പിറകിലായി ഒരു ബൈക്കും ലോറിയും ഉണ്ടായിരുന്നു. ബൈക്ക് ബ്രൈക്ക് ഇട്ടതോടെ ചെന്നിടിക്കാതിരിക്കാൻ ലോറി ഡ്രൈവർ വണ്ടി വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് വയലിലേക്കിറങ്ങുകയായിരുന്നു. ലോറിയുടെ മുൻഭാഗം പൂർണമായും താഴ്ന്നിറങ്ങിയ അവസ്ഥയിലായി. പുറകുവശം റോഡിന് കുറുകെ നില കൊണ്ടു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. തിരക്കേറിയ റോഡിലെ ജി.എസ്.ടി ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയാണ് അപകടത്തിനിടയാക്കിയതെന്ന് പറഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. പിന്നീട് പനമരം പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.