December 7, 2024

ഭാര്യയെ വെട്ടി കടന്നു കളയാൻ ശ്രമം ; നിരവധി കേസുകളിൽ പ്രതിയായ കോടാലി ഷിജു അറസ്റ്റിൽ

Share

ഭാര്യയെ വെട്ടി കടന്നു കളയാൻ ശ്രമം ; നിരവധി കേസുകളിൽ പ്രതിയായ കോടാലി ഷിജു അറസ്റ്റിൽ

പുൽപ്പള്ളി : ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് സ്ഥിരം പ്രതിയും പുൽപ്പള്ളിയിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ പുൽപ്പള്ളി അമരക്കുനി സ്വദേശി ഷിജു ( കോടാലി ഷിജു – 44 ) പിടിയിൽ. കൽപ്പറ്റ, ബത്തേരി, കേണിച്ചിറ, പുൽപ്പള്ളി സ്റ്റേഷനുകളിലായി 13 കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഷിജു.

വധശ്രമം, പോലീസിനെ ആക്രമിക്കൽ, ആയുധം കൈവശം വെക്കൽ, മയക്കുമരുന്ന് കൈവശം വെക്കൽ, ആനയെ വെടിവെച്ചുകൊന്ന കേസ് തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഷിജുവെന്ന് പോലീസ് പറഞ്ഞു. ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് രൂപവത്കരിച്ച ജില്ലാ പോലീസ് മേധാവിക്ക് കീഴിലുള്ള പ്രത്യേക സംഘവും കൽപ്പറ്റ സ്റ്റേഷൻ ഇൻസ്പെക്ടർ പി. പ്രമോദ്, പുൽപ്പള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടർ എ. അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഭാര്യയെ ആക്രമിച്ചതിൽ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഭാര്യ പ്രസീതയെ (44) ഷിജു ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി ഗൾഫിൽ ജോലിചെയ്യുന്ന പ്രസീതയെ ഷിജു തന്നെയാണ് വിമാനടിക്കറ്റടക്കം എടുത്തുനൽകി വിളിച്ചുവരുത്തിയത്. ഈ മാസം പത്തിനാണ് പ്രസീത നാട്ടിലെത്തിയത്. അതിനുശേഷം കുടുംബമായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോയതിനുശേഷം കഴിഞ്ഞ ദിവസമാണ് കൽപ്പറ്റ അമ്പിലേരിയിലെ ആലക്കൽ അപ്പാർട്ട്‌മെന്റിലെ താമസ സ്ഥലത്തെത്തിയത്.

ബുധനാഴ്ച രാത്രി എട്ടുമണിവരെ ഷിജു വീട്ടിലുണ്ടായിരുന്നു. പിന്നീട് പുൽപ്പള്ളിയിലെ വീട്ടിലേക്കുപോയി. അതിനുശേഷം ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടെ ഭാര്യയുമായി വാക്കുതർക്കമായി. ഇതേതുടർന്ന് അമ്പിലേരിയിൽ തിരിച്ചെത്തിയ ഷിജു ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രസീതയ്ക്ക് തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവർ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥിയായ മകളും ആക്രമണം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നു. ഭാര്യയെ ആക്രമിച്ച് വാരിയെല്ലൊടിച്ചതിന് അഞ്ചുവർഷം മുമ്പും ഷിജുവിന് നേരേ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കർണാടകയിലേക്ക് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ വൈകീട്ട് ആറരയോടെ പുല്പള്ളിയിൽ നിന്നാണ് ഷിജുവിനെ അറസ്റ്റുചെയ്യുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.