ക്രൈസ്തവ ദേവാലയങ്ങൾക്കും, വിശ്വാസത്തിനും എതിരെ വർധിച്ചു വരുന്ന ആക്രമണങ്ങൾ, മതേതര ഇന്ത്യക്ക് അപമാനം – കെസിവൈഎം കല്ലോടി മേഖല
*ക്രൈസ്തവ ദേവാലയങ്ങൾക്കും, വിശ്വാസത്തിനും എതിരെ വർധിച്ചു വരുന്ന ആക്രമണങ്ങൾ, മതേതര ഇന്ത്യക്ക് അപമാനം – കെസിവൈഎം കല്ലോടി മേഖല*
മാനന്തവാടി : ഇന്ത്യയിലെ വിവിധ മേഖലകളിൽ, വിദ്യാഭ്യാസം, ആരോഗ്യ പരമായ ശുശ്രൂശകളിലും, ദുരിതം അനുഭവിക്കുന്ന മനുഷ്യരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ക്രൈസ്തവ സമൂഹത്തിന് എതിരായി, കഴിഞ്ഞ കുറെ നാളുകളായി വർധിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ മതേതര ഇന്ത്യക്ക് അപമാനമെന്ന് കെസിവൈഎം കല്ലോടി മേഖല പ്രസിഡന്റ ടിനു മങ്കൊമ്പിൽ അഭിപ്രായപ്പെട്ടു.
ഹരിയാന, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം ക്രൈസ്തവ ദേവാലയങ്ങളും, തിരുസ്വരൂപങ്ങളും സാമൂഹ്യ വിരുദ്ധർ തച്ചുടച്ച സംഭവം പ്രതിഷേധകരമാണ്. ഇത്തരം അനിഷ്ട സംഭവങ്ങൾ രാജ്യത്ത് അരങ്ങേറുന്നത് ഇന്ത്യൻ ഭരണ ഘടന ഉറപ്പ് നൽകിയിട്ടിട്ടുള്ള മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഇത്തരം നീതി നിഷേധങ്ങൾ അക്രമ സംഭവങ്ങൾ സാമൂഹ്യ വിരുദ്ധരുടെ തോന്ന്യാസം എന്നിവ നിയന്ത്രിക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ, പോലീസ്, മറ്റ് അധികാരികൾ എന്നിവർ തയ്യാറാകണമെന്ന് മേഖല സമിതി ഓർമിപ്പിച്ചു.
താൻ ആയിരിക്കുന്ന മതത്തിൽ വിശ്വസിക്കുവാനും അതിൽ വർത്തിക്കുവാനും ഓരോ പൗരനും അവകാശം ഉണ്ട്. ഈ അവകാശം ഹനിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളെ മേഖല സമിതി അപലപിച്ചു. മേഖല പ്രസിഡന്റ് ടിനു മങ്കൊമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, വൈസ് പ്രസിഡന്റ് ഹർഷ മുറിമറ്റത്തിൽ, സെക്രട്ടറി അതുൽ ആവണിക്കൽ, ജോയിന്റ് സെക്രട്ടറി അലീന മടത്താശ്ശേരി, ട്രഷറർ അജിത്ത് പറയിടത്തിൽ, കോ-ഓർഡിനേറ്റർ അമൽ പാലാട്ടിൽ, ഡയറക്ടർ ഫാ. ജോജോ ഔസേപ്പറമ്പിൽ, ആനിമേറ്റർ സി. ജിനി എഫ്.സി.സി എന്നിവർ സംസാരിച്ചു.