കമ്പളക്കാട്ടെ പറളിക്കുന്നിൽ യുവാവ് മരിച്ചത് ഷോക്കേറ്റ്; അയൽക്കാരൻ റിമാൻഡിൽ

കമ്പളക്കാട്ടെ പറളിക്കുന്നിൽ യുവാവ് മരിച്ചത് ഷോക്കേറ്റ്; അയൽക്കാരൻ റിമാൻഡിൽ
കമ്പളക്കാട്: പറളിക്കുന്നിന് സമീപം തിരുനെല്ലിക്കുന്നിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ അയൽക്കാരനെ അറസ്റ്റുചെയ്തു റിമാൻഡിലാക്കി. മുട്ടിൽ പറളിക്കുന്ന് ചെട്ടിയാംകണ്ടി ബീരാൻ (77) ആണ് കേസിൽ റിമാൻഡിലായത്. കുബ്ലാട് ആളൂർ കോളനിയിലെ നാരായണന്റെയും പങ്കച്ചിയുടെയും മകൻ മഹേഷ് (23) നെയാണ് ചൊവ്വാഴ്ച തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടത്. സ്ഥലമുടമയാണ് ബീരാൻ.
ചൊവ്വാഴ്ച ഉച്ചയോടെ ആളൂർ കോളനിക്കു സമീപത്തെ തിരുനെല്ലിക്കുന്നിലെ തോട്ടത്തിൽ മഹേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മഹേഷിന്റെ കാലിന് പൊള്ളലേറ്റിരുന്നു.വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചിരുന്നു. ബീരാൻ തോട്ടത്തിൽ പന്നിയെ പ്രതിരോധിക്കാനായി വൈദ്യുതക്കമ്പികൾ ഘടിപ്പിച്ചിരുന്നു. രാത്രിയിൽ വൈദ്യുതി കടത്തിവിടാറുണ്ട്. ഇതിൽനിന്ന് അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റാണ് മഹേഷ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടർന്നാണ് പോലീസ് ബീരാനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഭാര്യ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു മഹേഷ്.
കല്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ബീരാനുനേരെ കേസെടുത്തത്.
