ജില്ലയിൽ നെല്ലുസംഭരണം തുടങ്ങി

ജില്ലയിൽ നെല്ലുസംഭരണം തുടങ്ങി
കൽപ്പറ്റ: ജില്ലയിൽ 2021 നഞ്ച സീസണിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ നെല്ല് സപ്ലൈകോ സംഭരിച്ചു തുടങ്ങി. വിളവെടുത്ത നെല്ല് ഉണക്കി (പരമാവധി ഈർപ്പം 17 ശതമാനം), പാറ്റി വൃത്തിയാക്കി 50 മുതൽ 65 കിലോവരെ ചാക്കുകളിൽ നിറച്ചുതുന്നിയാണ് സംഭരിക്കുന്നത്. ഇവ പാടശേഖരങ്ങളിൽ നിശ്ചയിക്കപ്പെട്ട സംഭരണകേന്ദ്രത്തിൽ 12 മണിക്ക് മുമ്പായി എത്തിക്കണം. ഈ സീസണിലെ സംഭരണ വില കയറ്റിറക്ക് കൂലി അടക്കം കിലോയ്ക്ക് 28 രൂപ 12 പൈസയാണ്. അതതു സ്ഥലത്തെ കയറ്റിറക്ക് കൂലി കർഷകർ വഹിക്കണം.
നെല്ലിന്റെ വില പി.ആർ.എസ്. വായ്പാ പദ്ധതി വഴിയാണ് നൽകുന്നത്. ഇതിനായി കർഷകർ മില്ലുകൾ നൽകുന്ന കംപ്യൂട്ടർ പ്രിന്റ് ചെയ്ത രസീതുമായി ബാങ്കുകളിലെത്തണം. വായ്പാ തുകയുടെ പലിശ കർഷകർ നൽകേണ്ട. നെല്ല് നൽകുന്നതിന് മുമ്പ് കർഷകർ www.supplycopaddy.in എന്ന വെബ്സൈറ്റിൽ പൊതുവിവരങ്ങൾ എന്ന ശീർഷകത്തിൽ രജിസ്ട്രേഷൻ അപ്രൂവായിട്ടുണ്ടോയെന്ന് (പട്ടികയിൽ പേരിനു മുമ്പ് 10 അക്ക രജിസ്ട്രേഷൻ നമ്പറുണ്ടോയെന്ന് മൊബൈൽ ഫോൺ വഴിയോ അക്ഷയകേന്ദ്രങ്ങൾ വഴിയോ) ഉറപ്പുവരുത്തണം.
അപ്രൂവായിട്ടില്ലെങ്കിൽ കൃഷിഭവനുകളുമായി ബന്ധപ്പെടണം. ഒന്നാം വിള രജിസ്ട്രേഷൻ 30-ന് അവസാനിച്ചെങ്കിലും കർഷകർ ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച മുതൽ 18 വരെ അവസരമുണ്ട്. ഫോൺ: 9947805083, 9446089784.