തൊണ്ടര്‍നാട് അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടര്‍ ആരംഭിച്ചു; പദ്ധതി സംസ്ഥാനത്ത് ആദ്യം
*തൊണ്ടര്‍നാട് അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടര്‍ ആരംഭിച്ചു; പദ്ധതി സംസ്ഥാനത്ത് ആദ്യം*
കോറോം : ഐ.ടി വകുപ്പിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) പദ്ധതിയുടെ ഭാഗമായി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു.
എസ്.ടി. വിഭാഗക്കാര്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ്, സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുടങ്ങിയ അടിസ്ഥാന രേഖകള്‍ കൗണ്ടറുകള്‍ മുഖേന സൗജന്യമായി ലഭ്യമാവും.
സംസ്ഥാനത്ത് ആദ്യമായാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്കായി ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അടിസ്ഥാന രേഖകളുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, അവ ഡിജിറ്റലൈസ് ചെയ്യുന്നതിനുമായി നടപ്പാക്കിയ എ.ബി.സി.ഡി പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ എ.ബി.സി.ഡി കാമ്പയിന്‍ നടത്തിയിരുന്നു.
കാമ്പയിനില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് ഗോത്ര സൗഹൃദ കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. കോറോം അക്ഷയ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക ഷാജി ഗോത്ര സൗഹൃദ കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും, അക്ഷയ സംരംഭകരും പങ്കെടുത്തു.