ഒമിക്രോണ്‍: വയനാട്ടിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി; വിദേശത്ത് നിന്നെത്തുന്നവര്‍ 7 ദിവസം നിരീക്ഷണത്തില്‍ കഴിയണം – ജില്ലാ കളക്ടർ
*ഒമിക്രോണ്‍: വയനാട്ടിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി; വിദേശത്ത് നിന്നെത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണം – ജില്ലാ കളക്ടർ
കൽപ്പറ്റ : വിവിധ രാജ്യങ്ങളില്‍ കോവിഡ് വൈറസിന് രൂപാന്തരം സംഭവിച്ചുണ്ടായ ഒമിക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
വിദേശത്ത് നിന്ന് വന്ന് ജില്ലയില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും 7 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതും, അടുത്ത ദിവസം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യുകയും നെഗറ്റീവ് ആണെങ്കില്‍ 7 ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തോല്‍പ്പെട്ടി, മുത്തങ്ങ, ബാവലി എന്നീ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലൂടെ ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ കോവിഡ് 19 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും, 72 മണിക്കൂറിനുള്ളിലുള്ളതോ, എയര്‍പോര്‍ട്ടില്‍ നിന്നുള്ളതോ ആയ ആര്‍ ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.
വിദേശത്ത് നിന്നെത്തുന്നവര്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വാര്‍ഡ് തല ആര്‍.ആര്‍.ടിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും, തദ്ദേശസ്ഥാപനങ്ങളിലെ കണ്‍ട്രോര്‍ റൂമുകളിലേക്ക് ആവശ്യത്തിന് ആളുകളെ നിയോഗിക്കുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കണ്‍ട്രോര്‍ റൂമുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും, മുനിസിപ്പല്‍ സെക്രട്ടറിമാരെയും നിയോഗിച്ചു.
ചെക്‌പോസ്റ്റുകളില്‍ പരിശോധനയ്ക്കായി ഡെപ്യൂട്ടി തഹസില്‍ദാര്‍/ ജൂനിയര്‍ സൂപ്രണ്ട് റാങ്കില്‍ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥരെ ചാര്‍ജ് ഓഫീസര്‍ ചുമതല നല്‍കി നിയമിക്കും. പരിശോധനയ്ക്ക് പോലീസിനേയും നിയോഗിക്കും. നിലവില്‍ ചെക്‌പോസ്റ്റുകളില്‍ പരിശോധന ചുമതലയുള്ള വകുപ്പുകളിലെ ജീവനക്കാരുടെ സേവനം തുടരേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.