പാലക്കമൂലയിൽ പേപ്പട്ടി ആക്രമണം; ആറ് പശുക്കൾക്ക് വിഷബാധ: മൂന്ന് പശുക്കൾ ചത്തു

പാലക്കമൂലയിൽ പേപ്പട്ടി ആക്രമണം; ആറ് പശുക്കൾക്ക് വിഷബാധ: മൂന്ന് പശുക്കൾ ചത്തു
മീനങ്ങാടി: പാലക്കമൂലയിൽ പേപ്പട്ടിയുടെ ആക്രമണത്തെ തുടർന്ന് ആറ് പശുക്കൾക്ക് പേവിഷബാധയേറ്റു. അതിൽ മൂന്ന് പശുക്കൾ ചത്തു. മൂന്ന് പശുക്കളുടെ ആരോഗ്യ നില വശളാവുകയും ചെയ്തു. ചണ്ണാളി പീടിയേക്കുടിയിൽ തോമസ്, പെരിമ്പിള്ളിത്താഴത്ത് വർഗീസ്, പാലക്കമൂല കൊറ്റിമുണ്ട മുജീബ് റഹ്മാൻ എന്നിവരുടെ ഓരോ പശുക്കളാണ് ചത്തത്. കൂടാതെ മേലോത്ത് കുര്യാച്ചൻ്റെ രണ്ടു പശുക്കൾക്കും, മേലോത്ത് കുഞ്ഞുമോൻ്റെ ഒരു പശുവിനും പേപ്പട്ടിയുടെ ആക്രമണത്തിൽ വിഷബാധയേറ്റ് ആരോഗ്യനില വശളാവുകയും ചെയ്തു.
രണ്ട് ആഴ്ച മുൻപ് പേപ്പട്ടി ആക്രമിച്ച പശുക്കൾക്കാണ് പേവിഷബാധയേറ്റത്. കഴിഞ്ഞ മാസം 27 നാണ് പ്രദേശത്തെ വളർത്തുമൃഗങ്ങളെ പേപ്പട്ടി ആക്രമിച്ചത്. സമീപത്തെ ഒൻപതു വയസ്സുകാരിയെ പേപ്പട്ടി മാന്തുകയും ചെയ്തു. കുട്ടി ചികിത്സ തേടിയിരുന്നു. സംഭവത്തെ തുടർന്ന് മീനങ്ങാടി വെറ്റിനറി ഡോക്ടറും പാലക്കമൂല പാൽ സൊസൈറ്റിയിലെ ഡോക്ടറും പ്രദേശത്തെത്തി പരിശോധിച്ചിരുന്നു. തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചതിന് ശേഷം ആക്രമണത്തിന് ഇരയായ മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകി വരുന്നതിനിടെയാണ് വളർത്തു മൃഗങ്ങളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായത്. ഭീതിക്കൊപ്പം തങ്ങളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാവുന്ന പ്രതിസന്ധി കൂടി നേരിടുകയാണ് ഇതോടെ ക്ഷീരകർഷകർ.