October 13, 2024
Share

യാത്രയാവുന്നത് ദുരിത കാലത്ത് വയനാടിനെ നെഞ്ചിലേറ്റിയ കളക്ടർ

കല്‍പ്പറ്റ: കോവിഡ് മാഹാമാരിക്കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മക നേതൃത്വം നല്‍കിയ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പദവിയൊഴിഞ്ഞു. ഡോക്ടര്‍ കൂടിയായ അവരുടെ പ്രാഗത്ഭ്യവും കഠിനാധ്വാനവും മൂന്ന് സംസ്ഥാനങ്ങള്‍ അതിരിടുന്ന വയനാട്ടില്‍ കോവിഡ് തടഞ്ഞുനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു.

ജനകീയ വിഷയങ്ങളിലെല്ലാം ശ്രദ്ധ പതിപ്പിച്ച കളക്ടര്‍ രാജ്യത്ത് ആദ്യ ഡോസ് സമ്പൂര്‍ണ വാക്സിനേഷന്‍ നേടുന്ന ജില്ലയെന്ന ഖ്യാതിയും വയനാടിന് നേടിത്തന്നു. കോവിഡിന്‍റെ പ്രാരംഭ കാലത്ത് കളക്ടറുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചും അതിര്‍ത്തികളില്‍ പരിശോധനകള്‍ ശക്തമാക്കിയും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയെ ഒരുപരിധിവരെ കോവിഡ് വ്യാപനത്തില്‍ നിന്ന് തടഞ്ഞത്.

മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്തെ ജില്ലാ കളക്ടര്‍മാരുടെ പ്രവര്‍ത്തനമികവിന് പ്രധാനമന്ത്രി നല്‍കുന്ന വിശിഷ്ട പുരസ്കാരത്തിനുള്ള അവസാന ലിസ്റ്റില്‍ ഇടം നേടാനായതും കളക്ടറുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായിരുന്നു.

ആദിവാസികളുടെ ഭവനപദ്ധതി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും റിസര്‍വ് ബാങ്ക്, നബാര്‍ഡ് തുടങ്ങിയവയുടെയും പ്രധാന പദ്ധതികള്‍ അവര്‍ക്ക് നടപ്പിലാക്കാനായി. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല 2019 നവംബര്‍ ഒൻപതിനാണ് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റത്. വനിതാ ശിശുക്ഷേമ വിഭാഗം ഡയറക്ടറായാണ് പുതിയ നിയമനം. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ എ. ഗീതയാണ് വയനാട് കളക്ടറായി ചുമതല ഏല്‍ക്കുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.