മുള്ളൻകൊല്ലിയിൽ കോണ്‍ഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം; പ്രതി പിടിയിൽ

മുള്ളൻകൊല്ലിയിൽ കോണ്‍ഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം; പ്രതി പിടിയിൽ
മുള്ളൻകൊല്ലി: കോണ്‍ഗ്രസ് നേതാവും സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റുമായ സ്റ്റീഫന്‍ പുകുടിയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും വാഹനമടക്കം തീയിട്ട് വീട് ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേഷൻ ഇൻസ്പെക്ടർ പി.എല്‍. ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പാടിച്ചിറ പാറക്കല്‍ കോളനിയിലെ ജിനേഷി (36)നെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആക്രമണത്തില്‍ നിന്നും സ്റ്റീഫന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ 9.30 ഓടെയാണ് സംഭവം. സ്റ്റീഫന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമി കോടാലി ഉപയോഗിച്ച് ജനലുകളും കാറിന്റെ ചില്ലുകളും തല്ലിത്തകർത്തിട്ടുണ്ട്. കാറിന്റെ പെട്രോൾ ടാങ്കിന് തീയിട്ട ശേഷം വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി.
ആക്രമണത്തിന് പിന്നാലെ പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍, കെ.പി.സി.സി സെക്രട്ടറി കെ.കെ.ഏബ്രഹാം, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.യു. ഉലഹന്നാന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി.സജി, ആര്‍. രഘു തുടങ്ങിയവര്‍ സ്റ്റീഫന്‍റെ വീട് സന്ദര്‍ശിക്കുകയും പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടൊപ്പം സ്റ്റീഫന് മര്‍ദനമേറ്റ സംഭവത്തില്‍ പാടിച്ചിറയില്‍ യുഡിഎഫ് പ്രകടനവും നടത്തിയിരുന്നു.
