ചെറുകാട്ടൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറക്കാൻ ശ്രമിച്ച പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

ചെറുകാട്ടൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറക്കാൻ ശ്രമിച്ച പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
പനമരം: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുകാട്ടൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ പനമരം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്ത് റിമാൻഡിൽ കഴിയുന്ന കൊല്ലം ഏഴുകോൺ അഭിവിഹാറിൽ അഭിരാജ് (29), താമരശ്ശേരി അമ്പായത്തൊടി മണി (36) എന്നിവരെയാണ് ചെറുകാട്ടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ മാസം ആറിനാണ് പകൽ 12 മണിയോടെ ചെറുകാട്ടൂരിലെ ആനക്കുഴി മുതിരക്കാല ഫ്രാന്‍സിസിന്റെ വീട് കുത്തി തുറക്കാൻ ശ്രമം നടന്നത്. പ്രതികളുടേതെന്ന് സംശയിക്കുന്ന സി.സി ടിവി ദൃശ്യം പോലീസ് അന്നു തന്നെ പുറത്ത് വിട്ടിരുന്നു. കേസിലെ പ്രതികളെ പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ 22 ന് അറസ്റ്റു ചെയ്തത്.
വിവിധ ജില്ലകളിലെ മോഷണ കേസുകളിൽ പ്രതികളായ ഇവർ ചെറുകാട്ടൂരിലെ സംഭവത്തിന് പിറ്റേന്ന് (ജൂലൈ 7ന്)
പെരിന്തൽമണ്ണയിലെ ആലിപ്പറമ്പിൽ അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് 19 പവൻ സ്വർണാഭാരണങ്ങളും 18000 രൂപയും സംഘം ചേർന്ന് കവർന്നിരുന്നു. ഈ കേസിൽ അന്വേഷണം ആരംഭിച്ച പോലീസിന് സി.സി.ടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതികൾ അങ്ങാടിപ്പുറം ഭാഗത്തേക്ക് ബൈക്കിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഓരാടം പാലത്ത് നിന്ന് ഇവരെ അറസ്റ്റു ചെയ്തത്.
ചെറുകാട്ടൂരിൽ പെൺകുട്ടി ഒറ്റയ്ക്കുള്ള സമയത്തായിരുന്നു വീടിന് പിന്നാമ്പുറത്തെ വാതിൽ കുത്തി തുറക്കാൻ ശ്രമം നടന്നത്.
സ്‌കൂട്ടറില്‍ എത്തിയ പ്രതികള്‍ ജനലിലൂടെ അകത്തേക്ക് നോക്കുകയും തുടർന്ന് പുറത്തേക്ക് പോയ പ്രതികള്‍ സ്‌കൂട്ടറിനടുത്തേക്ക് പോയി കമ്പിപ്പാരയുമായി വരുകയും, വാതില്‍ കുത്തിതുറക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് ഫ്രാൻസിസിന്റെ മകൾ പോലീസിനോട് പറഞ്ഞിരുന്നു. സമീപത്തെയും ചെറുകാട്ടൂരിലെയും സി.സി ടിവി പരിശോധിച്ച പോലീസിന് സ്കൂട്ടറിൽ എത്തിയ രണ്ടുപേരുടെ ദൃശ്യം ലഭിച്ചിരുന്നു. പ്രതിയായ അഭിരാജിനെ കുറിച്ച് പനമരം പോലീസിന് സൂചന ലഭിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് പ്രതികളെ പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റെജീന കെ.ജോസിന്റെ നേതൃത്വത്തിൽ ചെറുകാട്ടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തുടർന്ന് ഇവരെ റിമാൻഡിൽ വിട്ടു.
