മുട്ടില്‍ മരംകൊള്ള; ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായിരുന്ന ബി.പി രാജുവിനെ സസ്പെന്‍റ് ചെയ്തു
മുട്ടില്‍ മരംകൊള്ള; ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായിരുന്ന ബി.പി രാജുവിനെ സസ്പെന്‍റ് ചെയ്തു
കല്‍പ്പറ്റ: വയനാട് മുട്ടില്‍ മരംകൊള്ള സമയത്ത് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായിരുന്ന ബിപി രാജുവിനെ സസ്പെന്‍റ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രതികളെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡികെ വിനോദ് കുമാറാണ് ഉത്തരവിറക്കിയത്. റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ കണ്ടെത്തിയത്.
ബിപി രാജുവിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റിപോര്‍ട്ടില്‍ പറയുന്നു. 64 തവണ പ്രതി റോജി അഗസ്റ്റിനുമായി ബിപി രാജു ഫോണില്‍ സംസാരിച്ചു. 42 തവണ ആന്‍റോ അഗസ്റ്റിനുമായും ഫോണില്‍ സംസാരിച്ചു.
പ്രതികള്‍ ഈട്ടി തടികള്‍ പെരുമ്പാവൂരിലേക്ക് കടത്തിയ ദിവസം രാത്രി ദീര്‍ഘ നേരം ആന്‍റോ അഗസ്റ്റിനുമായി ഉദ്യോഗസ്ഥന്‍ ഫോണില്‍ സംസാരിച്ചതായും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തത്.