November 23, 2026

ചെറുകിട സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ ; പലിശയുടെ 6% വരെ സര്‍ക്കാര്‍ നല്‍കും

Share

 

ചെറുകിട സംരംഭങ്ങള്‍ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പലിശ ഇളവുമായി സർക്കാരിന്റെ ‘ഒരു ഭവനം ഒരു സംരംഭം’ പദ്ധതി.പത്ത് ലക്ഷം രൂപയില്‍ താഴെ വായ്പയെടുത്ത് സംരംഭം ആരംഭിക്കുന്നവർക്ക് പലിശയുടെ പരമാവധി ആറു ശതമാനം വരെ സർക്കാർ സബ്സിഡി നല്‍കും. ഇതോടെ സംരംഭകർക്ക് നാല് ശതമാനം പലിശ മാത്രം നല്‍കിയാല്‍ മതിയാകും. തുടർച്ചയായി അഞ്ചു വർഷത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

 

2022 ഏപ്രില്‍ ഒന്നിന് ശേഷം വായ്പയെടുത്തവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗുണഭോക്താക്കളില്‍ 50 ശതമാനം സ്ത്രീകളായിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്. സാധാരണ വ്യവസായ-സേവന മേഖലകളിലെ സ്ഥാപനങ്ങള്‍ക്കാണ് ഇത്തരം പലിശ സബ്സിഡികള്‍ ലഭിക്കാറുള്ളതെങ്കിലും ഈ പദ്ധതിയില്‍ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കച്ചവടം, ജോബ് വർക്ക് തുടങ്ങി വിവിധ വരുമാനദായക സംരംഭങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും. പ്രവർത്തന മൂലധന വായ്പയ്ക്കും അർഹതയുണ്ടെങ്കിലും അത് പദ്ധതിച്ചെലവിന്റെ 50 ശതമാനത്തില്‍ കൂടാൻ പാടില്ല. 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.പ്രൊപ്രൈറ്ററി സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. താലൂക്ക് വ്യവസായ ഓഫീസുകള്‍ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്ക്-മുനിസിപ്പാലിറ്റി തലങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവരുമായി ബന്ധപ്പെടാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബിസിനസ് ഡെവലപ്മെന്റ് സപ്പോർട്ട് പ്രൊവൈഡർമാരില്‍നിന്നും വിവരങ്ങള്‍ ലഭിക്കും.


Share
Copyright © All rights reserved. | Newsphere by AF themes.