November 23, 2026

പമ്പയില്‍ വസ്ത്രം ഉപേക്ഷിച്ചാല്‍ 5000 രൂപ പിഴ ; അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷൻ നടപടി

Share

 

പത്തനംതിട്ട : മണ്ഡലമകരവിളക്ക് തീർത്ഥാടനകാലത്ത് പമ്പാ നദിയിലും പരിസരങ്ങളിലും വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നിരോധിച്ച്‌ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കി. പമ്പാ നദിയിലും അനുബന്ധ കടവുകളിലും ഉപയോഗിച്ച വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നദിയിലോ നദീതീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ നിക്ഷേപിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.

 

പമ്പാ നദിയുടെ മലിനീകരണം തടയുന്നതിനും തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നടപടി.നിരോധനം ലംഘിച്ച്‌ നദിയിലോ പരിസരങ്ങളിലോ മാലിന്യം നക്ഷേപിക്കുന്നവരില്‍ നിന്ന് 5,000 രൂപ പിഴ ഈടാക്കും. പിഴ 15 ദിവസത്തിനകം അടയ്ക്കാത്തപക്ഷം മറ്റ് നിയമനടപടികള്‍ക്ക് പുറമേ പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കും. ഭാരതീയ ന്യായ സംഹിത, കേരള പഞ്ചായത്ത് രാജ് നിയമം, ജലമലിനീകരണ നിയന്ത്രണ നിയമം എന്നിവ പ്രകാരമുള്ള തുടർനടപടികളും സ്വീകരിക്കുന്നതാണ്. പമ്പയിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റിനെയും പൊലീസ് സ്‌പെഷ്യല്‍ ഓഫീസറെയും ഉത്തരവ് നടപ്പാക്കുന്നതിനും നിയമലംഘകർക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

തീർത്ഥാടകർ ഉപയോഗിച്ച വസ്ത്രങ്ങള്‍ നിശ്ചിത ശേഖരണ കേന്ദ്രങ്ങളില്‍ കൈമാറണമെന്നും മറ്റ് മാലിന്യങ്ങള്‍ അതിനായി സ്ഥാപിച്ചിട്ടുള്ള ബിന്നുകളില്‍ നിക്ഷേപിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി വിവിധ ഭാഷകളില്‍ അനൗണ്‍സ്‌മെന്റുകളും പ്രചാരണ പരിപാടികളും നടത്തും. പിഴത്തുക പമ്പയിലെയും ശബരിമലയിലെയും ശുചീകരണം, മാലിന്യസംസ്‌കരണം, നദീതീര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങള്‍ക്കായി വിനയോഗിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഉത്തരവ് 2026 നവംബർ 22 മുതല്‍ രണ്ട് മാസത്തേക്ക് പ്രാബല്യത്തിലുണ്ടാകും.


Share
Copyright © All rights reserved. | Newsphere by AF themes.