ബിസ്ലേരി കുടിവെള്ളത്തില്‍ ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കള്‍; 5 കമ്പനികള്‍ക്കെതിരെ നിയമനടപടിക്ക് അനുമതി നല്കി ഭക്ഷ്യസുരക്ഷാ അതോറിറ്റി
ഡല്‍ഹി: ബിസ്ലേരി ഉള്‍പ്പെടെ അഞ്ച് കമ്പനികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്കി എഫ്.എസ്.എസ്.എ.ഐ..ബിസ്ലേരിയുടെ പാക്കേജ്ഡ് കുടിവെള്ള സാമ്പിള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനയില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ബ്രോമേറ്റ്, പി.എ.എച്ച്. രാസവസ്തുക്കള്‍ കണ്ടെത്തി.
വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കണ്‍ഫെക്ഷനറി എന്നിവയാണ് നടപടി നേരിടുന്ന മറ്റ് കമ്പനികള്‍. ഭക്ഷ്യസുരക്ഷാ ലംഘനത്തെ തുടർന്ന് രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആശ കണ്‍ഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കാനും എഫ്.എസ്.എസ്.എ.ഐ. നിർദേശിച്ചു.
ബിസ്ലേരി വെള്ളത്തിൻ്റെ പ്രാഥമിക പരിശോധനയില്‍, അനുവദനീയമായ പരിധിയിലും കൂടുതല്‍ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ കമ്പനി അപ്പീല്‍ നല്‍കിയതിനെ തുടർന്ന് സാമ്പിള്‍ റഫറല്‍ ഫുഡ് ലബോറട്ടറിയില്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചു.രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തന്നെയാണ് കണ്ടെത്തിയത്. ഈ പരിശോധനയില്‍ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (പി.എ.എച്ച്.) സാന്നിധ്യവും സ്ഥിരീകരിച്ചു. ബ്രോമേറ്റും പി.എ.എച്ചും ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളായാണ് കണക്കാക്കുന്നത്.
