November 17, 2026

റേഷൻ വാങ്ങാൻ ഇനി നീണ്ട ക്യൂ വേണ്ട ; 24 മണിക്കൂറും ഭക്ഷ്യധാന്യം ലഭ്യമാക്കാൻ ‘എടിഎം’

Share

 

റേഷൻ കടകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവും കാത്തിരിപ്പും ഒഴിവാക്കി ഭക്ഷ്യധാന്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി പുതിയ സാങ്കേതിക സംവിധാനവുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്.ബാങ്ക് എടിഎമ്മുകളുടെ മാതൃകയില്‍ പ്രവർത്തിക്കുന്ന ‘അന്നപൂർത്തി ഗ്രെയിൻ എടിഎം’ വഴി ഗുണഭോക്താക്കള്‍ക്ക് ഇനി 24 മണിക്കൂറും റേഷൻ വിഹിതം കൈപ്പറ്റാനാകും. പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്താണ് നടപ്പാക്കുന്നത്. റേഷൻ വിതരണം കൂടുതല്‍ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവയ്പ്പെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. തിരുവനന്തപുരത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം വിജയകരമായാല്‍ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

 

പ്രവർത്തനം എങ്ങനെ?

 

പണം പിൻവലിക്കുന്ന എടിഎമ്മുകള്‍ പോലെ വളരെ ലളിതമായ രീതിയിലാണ് ‘അന്നപൂർത്തി’യുടെയും പ്രവർത്തനം. റേഷൻ കാർഡ് നമ്പറോ ആധാർ വിവരങ്ങളോ എടിഎമ്മില്‍ നല്‍കിയ ശേഷം ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം പതിപ്പിച്ച്‌ ഗുണഭോക്താവിനെ തിരിച്ചറിയും. വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ വെറും അഞ്ച് മിനിറ്റിനുള്ളില്‍ ഏകദേശം 50 കിലോ വരെ ഭക്ഷ്യധാന്യങ്ങള്‍ യന്ത്രത്തില്‍ നിന്ന് ശേഖരിക്കാൻ സാധിക്കും. തൂക്കത്തിലും അളവിലും യാതൊരുവിധ തിരിമറികളുമില്ലാതെ കൃത്യമായ അളവില്‍ ധാന്യങ്ങള്‍ ലഭിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ സൗകര്യാർത്ഥം ഏത് സമയത്തും റേഷൻ വാങ്ങാമെന്നതിനാല്‍ വലിയ സമയലാഭവും ഇതിലൂടെ ഉറപ്പാകും.


Share
Copyright © All rights reserved. | Newsphere by AF themes.