November 12, 2026

അമുല്‍ പാല്‍ വില വര്‍ധിപ്പിച്ചു ; ലിറ്ററിന് 4 രൂപ കൂട്ടി 

Share

 

ഡല്‍ഹി : രാജ്യത്തെ പ്രമുഖ ക്ഷീരോല്‍പന്ന ബ്രാൻഡായ അമുല്‍ പാലിന്റെ വില വർധിപ്പിച്ചു. വ്യത്യസ്ത ഇനം പാക്കറ്റ് പാലുകള്‍ക്ക് ലിറ്ററിന് രണ്ട് മുതല്‍ നാല് രൂപ വരെയാണ് വർധിപ്പിച്ചത്.പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

 

അമുലിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടോണ്‍ഡ് മില്‍ക്കായ അമുല്‍ താസയുടെ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചു. ആറ് ശതമാനം കൊഴുപ്പടങ്ങിയ അമുല്‍ ഗോള്‍ഡിന് ലിറ്ററിന് നാല് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അമുലിന്റെ പ്രധാന ഫ്രഷ് പൗച്ച്‌ മില്‍ക്ക് വിഭാഗങ്ങളില്‍ നാല് മുതല്‍ അഞ്ച് ശതമാനം വരെയാണ് വില വർധന.

 

പാല്‍ ഉല്‍പാദനം, സംഭരണം, സംസ്കരണം, പാക്കേജിങ്, വിതരണം തുടങ്ങിയ മേഖലകളിലുണ്ടായ ചെലവുവർധനയാണ് വില കൂട്ടാനുള്ള കാരണമായി ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പച്ചപ്പുല്ല്, കാലിത്തീറ്റയിലെ പ്രധാന ഘടകങ്ങളായ ഓയില്‍ കേക്ക്, ചോളം, മൊളാസസ് എന്നിവയുടെ വില വർധിച്ചതും പാല്‍ പാക്ക് ചെയ്യുന്നതിനുള്ള ഫിലിമിന്റെയും ഇന്ധനത്തിന്റെയും ചെലവ് ഉയർന്നതും ഉല്‍പാദനച്ചെലവിനെ ബാധിച്ചതായി കമ്പനി വ്യക്തമാക്കുന്നു.വിലവർധനയിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിന്റെ വലിയൊരു ഭാഗം പാല്‍ ഉല്‍പാദകരായ കർഷകർക്ക് കൈമാറുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കർഷകർക്ക് മെച്ചപ്പെട്ട പ്രതിഫലം ഉറപ്പാക്കുന്നതിനൊപ്പം ഉല്‍പാദന മേഖലയിലെ വർധിച്ച ചെലവുകള്‍ പരിഹരിക്കാനും വിലവർധന സഹായിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം.

 

അതേസമയം, രാജ്യത്തെ മറ്റൊരു പ്രമുഖ ക്ഷീരോല്‍പന്ന ബ്രാൻഡായ മദർ ഡയറിയും പാലിന് ലിറ്ററിന് രണ്ട് മുതല്‍ നാല് രൂപ വരെ വില വർധിപ്പിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഈ വിലയും പ്രാബല്യത്തിലെത്തും. പാല്‍ സംഭരണച്ചെലവ് വർധിച്ചതാണ് മദർ ഡയറിയും വില കൂട്ടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.