November 12, 2026

അതിര്‍ത്തിയില്‍ ഇനി ‘യെന്തിരന്‍ നായകള്‍’, മഞ്ഞും മലയും മരുഭൂമിയും തടസമല്ല, നുഴഞ്ഞുകയറ്റക്കാരുടെ നീക്കം കണ്ടെത്തും; 15 കിലോ വരെ ഭാരം വഹിക്കും; 360 ഡിഗ്രി നിരീക്ഷണം

Share

 

ശ്രീനഗര്‍ : മഞ്ഞുമൂടിയ മലനിരകളോ കൊടുംതണുപ്പോ കുത്തനെയുള്ള പര്‍വതങ്ങളോ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ അതിര്‍ത്തി നിരീക്ഷണത്തിന് തടസമല്ല. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണരേഖയില്‍ (എല്‍ഒസി) അത്യാധുനിക റോബോട്ടിക് നായകളെ വിന്യസിച്ച്‌ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. സൈനികര്‍ക്കും പരിശീലനം ലഭിച്ച സൈനിക നായകള്‍ക്കുമൊപ്പം നാലുകാലില്‍ നടക്കുന്ന റോബോട്ടുകളും അതിര്‍ത്തി കാക്കാനിറങ്ങിയതോടെ സൈന്യത്തിന്റെ നിരീക്ഷണ സംവിധാനത്തിന് പുതിയ സാങ്കേതിക മുഖം കൈവന്നിരിക്കുകയാണ്.

 

മള്‍ട്ടി യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്‌മെന്റ് (MULE) എന്നറിയപ്പെടുന്ന ഈ റോബോട്ടിക് സംവിധാനങ്ങള്‍ ജമ്മു കശ്മീരിലെ അഖ്‌നൂര്‍, രജൗരി ഉള്‍പ്പെടെയുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള അതിര്‍ത്തി മേഖലകളിലാണ് വിന്യസിച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്കും സൈനിക ട്രക്കുകള്‍ക്കും എത്തിപ്പെടാന്‍ പ്രയാസമുള്ള ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുകയാണ് ഇവയുടെ പ്രധാന ദൗത്യം. നിയന്ത്രണരേഖയുടെ 740 കിലോമീറ്ററിലധികം വരുന്ന അതിര്‍ത്തി മേഖലയില്‍ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം.

 

മൈനസ് 40 ഡിഗ്രിയിലും പ്രവര്‍ത്തിക്കും

 

കുത്തനെയുള്ള മലഞ്ചെരിവുകള്‍, മഞ്ഞുമൂടിയ പാതകള്‍, മരുഭൂമികള്‍, പുഴകള്‍ തുടങ്ങി വിവിധ ഭൂപ്രകൃതികളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് റോബോട്ടുകളെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 45 ഡിഗ്രി വരെ ചരിവുള്ള മലഞ്ചെരിവുകള്‍ കയറാനും പരമ്പരാഗത വാഹനങ്ങള്‍ക്ക് കടന്നുചെല്ലാനാകാത്ത ഇടങ്ങളിലൂടെ നീങ്ങാനും ഇവയ്ക്കാകും. മൈനസ് 40 ഡിഗ്രി മുതല്‍ പ്ലസ് 55 ഡിഗ്രി വരെയുള്ള താപനിലയിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുണ്ട്. നിരീക്ഷണത്തിനൊപ്പം സൈനികര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിലും ഇവയ്ക്ക് പങ്കുവഹിക്കാനാകും. 12 മുതല്‍ 15 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോബോട്ടുകള്‍ക്ക് വെടിക്കോപ്പുകള്‍, ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം തുടങ്ങിയവ എത്തിക്കാനാകും. ദുര്‍ഘടമായ പ്രദേശങ്ങളിലെ സൈനികര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിനായി കൂടുതല്‍ സൈനികരെ അപകടസാധ്യതയുള്ള മേഖലകളിലേക്ക് അയയ്‌ക്കേണ്ട സാഹചര്യം കുറയ്ക്കാന്‍ ഇതുവഴി കഴിയും.

 

ശത്രുവിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും

 

360 ഡിഗ്രി ക്യാമറകള്‍, ഇലക്‌ട്രോ ഒപ്റ്റിക്കല്‍ സംവിധാനങ്ങള്‍, തെര്‍മല്‍-ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍, റഡാര്‍ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളാണ് റോബോട്ടുകളില്‍ ഒരുക്കിയിരിക്കുന്നത്. പകലും രാത്രിയും നിരീക്ഷണം നടത്താന്‍ കഴിയുന്നതിനാല്‍ ഇരുട്ടിന്റെ മറവില്‍ നടക്കുന്ന സംശയാസ്പദമായ നീക്കങ്ങള്‍ പോലും തിരിച്ചറിയാന്‍ സഹായിക്കും. ശത്രുസൈനികരുടെ നീക്കങ്ങള്‍, അതിര്‍ത്തിയിലെ സംശയാസ്പദമായ സാന്നിധ്യങ്ങള്‍, നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ എന്നിവ കണ്ടെത്തി തത്സമയം വിവരങ്ങള്‍ കൈമാറാനും ഇവയ്ക്ക് സാധിക്കും.

 

അതിര്‍ത്തിയില്‍ സംശയാസ്പദമായ സാഹചര്യങ്ങള്‍ കണ്ടെത്തുമ്പോള്‍ സൈനികര്‍ നേരിട്ട് അപകടമേഖലയിലേക്ക് കടക്കുന്നതിന് മുമ്പ് റോബോട്ടുകളെ മുന്നില്‍ അയച്ച്‌ പരിശോധന നടത്താനാകും. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് സംശയിക്കുന്ന പ്രദേശങ്ങളിലും മറ്റ് അപകടസാധ്യതയുള്ള മേഖലകളിലും പ്രാഥമിക നിരീക്ഷണത്തിന് ഇവയുടെ സേവനം പ്രയോജനപ്പെടുത്താം. ഏറ്റുമുട്ടല്‍ സാഹചര്യങ്ങളില്‍ സൈനികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സഹായ സംവിധാനമായും ഇവ പ്രവര്‍ത്തിക്കും.

 

2024ല്‍ ആദ്യ ബാച്ച്‌

 

2024 ജൂണിലാണ് റോബോട്ടിക് മ്യൂളുകളുടെ ആദ്യ ബാച്ച്‌ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചത്. അടിയന്തര സംഭരണ പദ്ധതിയുടെ ഭാഗമായി 100 റോബോട്ടുകളാണ് സൈന്യം സ്വന്തമാക്കിയത്. ഡല്‍ഹി ആസ്ഥാനമായുള്ള എയ്‌റോആര്‍ക്ക് വികസിപ്പിച്ച സംവിധാനമാണിത്. ആദ്യഘട്ടത്തില്‍ ലഭിച്ച റോബോട്ടുകളെ സൈനിക വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തി മേഖലകളിലെ വിന്യാസം വ്യാപിപ്പിച്ചത്. നിലവില്‍ ജമ്മു അതിര്‍ത്തിയിലും നിയന്ത്രണരേഖയിലെ വിവിധ മേഖലകളിലുമായി നൂറുകണക്കിന് റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ടെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

 

റോബോട്ടിക് നായകളുടെ വിന്യാസത്തിനൊപ്പം കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയ നിരീക്ഷണ സംവിധാനങ്ങള്‍, സ്മാര്‍ട്ട് ഫെന്‍സിങ്, ഉപഗ്രഹ സംയോജനം, അത്യാധുനിക സെന്‍സറുകള്‍, ഡ്രോണ്‍ വിരുദ്ധ ലേസര്‍ സംവിധാനങ്ങള്‍ എന്നിവയും അതിര്‍ത്തി സുരക്ഷയുടെ ഭാഗമാക്കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കുകയാണ് ലക്ഷ്യം.

 

മനുഷ്യസൈനികരും പരിശീലനം ലഭിച്ച നായകളും റോബോട്ടിക് സംവിധാനങ്ങളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്ന പുതിയ അതിര്‍ത്തി സുരക്ഷാ മാതൃകയിലേക്കാണ് ഇന്ത്യന്‍ സൈന്യം നീങ്ങുന്നത്. സൈനികരുടെ ജീവന്‍ അപകടത്തിലാക്കാതെ കൂടുതല്‍ ദുര്‍ഘടമായ മേഖലകളില്‍ നിരീക്ഷണം നടത്താനാകുമെന്നതാണ് റോബോട്ട് നായകളുടെ ഏറ്റവും വലിയ നേട്ടം.


Share
Copyright © All rights reserved. | Newsphere by AF themes.