ടോള്‍ പ്ലാസകളിലെ ടോയ്‌ലറ്റ് വൃത്തിയില്ലാത്തതാണോ ..? ഫോട്ടോ എടുത്തയച്ചാല്‍ 1000 രൂപ കിട്ടും!
രാജ്യത്തുടനീളമുള്ള ടോള്‍ പ്ലാസകളിലെ വൃത്തിഹീനമായ ശൗചാലയങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം നല്‍കുന്ന ക്ലീന്‍ ടോയ്ലറ്റ് പിക്ചര്‍ ചലഞ്ച് ആരംഭിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി.
ദേശീയപാതകളിലെ ശൗചാലയങ്ങളുടെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്‌പെഷ്യല്‍ ക്യാമ്പയിന്‍ 5.0-ന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ പദ്ധതി പ്രകാരം, യാത്രക്കാര്‍ക്ക് രാജ്മാര്‍ഗ് യാത്ര ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിച്ച്, വൃത്തിഹീനമായ ശൗചാലയങ്ങളുടെ ജിയോ-ടാഗ് ചെയ്ത ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തുകൊണ്ട് പരാതിപ്പെടാം. ഇതിനൊപ്പം പേര്, സ്ഥലം, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും നല്‍കേണ്ടതുണ്ട്.
സാധുവായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക്, അവരുടെ വാഹന രജിസ്‌ട്രേഷന്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫാസ്ടാഗ് അക്കൗണ്ടിലേക്ക് 1000 രൂപ റീചാര്‍ജ് ആയി ലഭിക്കും. ഈ പാരിതോഷികം മറ്റൊരാള്‍ക്ക് കൈമാറാനോ പണമായി പിന്‍വലിക്കാനോ സാധിക്കില്ല. ഈ പദ്ധതി ഒക്ടോബര്‍ 31 വരെ തുടരുമെന്നും, ഇന്ത്യയിലുടനീളമുള്ള ദേശീയപാതകളെ ഇത് ഉള്‍ക്കൊള്ളുമെന്നും മന്ത്രാലയം അറിയിച്ചു.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിധിയില്‍ നിര്‍മ്മിച്ചതോ, പ്രവര്‍ത്തിപ്പിക്കുന്നതോ, പരിപാലിക്കുന്നതോ ആയ ശൗചാലയങ്ങള്‍ക്ക് മാത്രമേ ഈ പദ്ധതി ബാധകമാകൂ. പെട്രോള്‍ പമ്പുകള്‍, റോഡരികിലെ ധാബകള്‍, നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നിയന്ത്രണത്തിലല്ലാത്ത മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ശൗചാലയങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടില്ല എന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ പ്രചാരണ പരിപാടിയില്‍, ഓരോ വാഹന രജിസ്‌ട്രേഷന്‍ നമ്പറിനും ഒരു തവണ മാത്രമേ പാരിതോഷികത്തിന് അര്‍ഹതയുണ്ടാവുകയുള്ളൂ. കൂടാതെ, ഒരു ശൗചാലയത്തെക്കുറിച്ച് ദിവസത്തില്‍ ഒരു റിപ്പോര്‍ട്ട് മാത്രമേ പരിഗണിക്കുകയുള്ളൂ. ഒരേ ശൗചാലയത്തെക്കുറിച്ച് ഒരു ദിവസം ഒന്നിലധികം പരാതികള്‍ ലഭിക്കുകയാണെങ്കില്‍, ആപ്പിലൂടെ സമര്‍പ്പിക്കുന്ന ആദ്യത്തെ സാധുവായ ഫോട്ടോ മാത്രമേ പരിഗണിക്കുകയുള്ളൂ.
സമര്‍പ്പിക്കുന്ന ഫോട്ടോകള്‍ വ്യക്തവും, ജിയോ-ടാഗ് ചെയ്തതും (സ്ഥലവിവരം ഉള്‍പ്പെടുത്തിയത്), സമയരേഖ രേഖപ്പെടുത്തിയതുമായിരിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആവര്‍ത്തിച്ചു വരുന്നവയോ, എഡിറ്റ് ചെയ്തവയോ, നേരത്തെ സമര്‍പ്പിച്ചവയോ ആയ ചിത്രങ്ങള്‍ നിരസിക്കപ്പെടും. റിപ്പോര്‍ട്ടുകള്‍ എഐ അധിഷ്ഠിത സംവിധാനത്തിലൂടെയും, ആവശ്യമെങ്കില്‍ നേരിട്ടുള്ള പരിശോധനയിലൂടെയും പരിശോധിക്കും.
ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പ്രചാരണ പരിപാടി. റോഡിലെ കുഴികള്‍ അടയ്ക്കല്‍, ടോള്‍ പ്ലാസകളിലെ ശൗചാലയങ്ങള്‍ വൃത്തിയാക്കല്‍, റോഡ് സുരക്ഷാ സൂചകങ്ങള്‍ മെച്ചപ്പെടുത്തല്‍, മേല്‍പ്പാലങ്ങള്‍ മനോഹരമാക്കല്‍, ദേശീയപാതയോരങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്.
