October 14, 2026

യുപിഐ ഫീസില്‍ വ്യാപാരികള്‍ക്ക് താത്കാലിക ആശ്വാസം : ചാർജ് ഈടാക്കുക ദീപാവലിക്ക് ശേഷം

Share

 

യു.പി.ഐ വഴി പണം സ്വീകരിക്കുന്ന വ്യാപാരികള്‍ക്ക് അധിക ചെലവുണ്ടാക്കുന്ന മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) നടപ്പാക്കുന്നത് ദീപാവലിക്ക് ശേഷമാകുമെന്ന് നാഷണല്‍ പെയ്‌മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ(എൻ.പി.സി.ഐ) വ്യക്തമാക്കി.

 

ഒക്ടോബർ 15 മുതല്‍ 2,000 രൂപയിലധികമുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം എം.ഡി.ആർ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇടപാടൊന്നിന് പരമാവധി 300 രൂപയാണ് പരിധി. ചില മേഖലകളില്‍ അഞ്ച് രൂപയുടെ സ്ഥിരനിരക്കും ബാധകമാകും. അധിക ഫീസ് നിലവില്‍ വരുന്ന തിയതി പിന്നീട് പ്രഖ്യാപിക്കും. ഉത്സവകാലത്തെ വ്യാപാരത്തെ ബാധിക്കാതിരിക്കാനാണ് നടപടി.

 

എല്ലാ യു.പി.ഐ ഇടപാടുകള്‍ക്കും എം.ഡി.ആർ ബാധകമാകില്ല. വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകളും 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകളും സൗജന്യമായി തുടരും. ചെറുകിട വ്യാപാരികള്‍ക്കുള്ള ഇളവുകളും നിലനിറുത്തും. എം.ഡി.ആർ നിർദിഷ്‌ട മേഖലയിലെ വ്യാപാരികളില്‍ നിന്നാണ് ഈടാക്കുക. യു.പി.ഐ ഫീസ് ഉപഭോക്താക്കളില്‍ നിന്ന് വാങ്ങരുതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.വ്യാപാരികളുടെ അധിക ബാദ്ധ്യത(0.4%)

 

ഇടപാട് തുക : വ്യാപാരിയുടെ ചെലവ്

 

2,500 രൂപ : 10 രൂപ

 

5,000 രൂപ : 20 രൂപ

 

10,000 രൂപ : 40 രൂപ

 

25,000 രൂപ : 100 രൂപ

 

50,000 രൂപ : 200 രൂപ

 

75,000 രൂപ : 300 രൂപ

 

ആശങ്കയിലാകുന്ന വ്യാപാര മേഖലകള്‍

 

ഗോള്‍ഡ് ആൻഡ് സില്‍വർ വ്യാപാരികള്‍

 

ഹോട്ടല്‍ ആൻഡ് റെസ്‌റ്റോറന്റുകള്‍

 

സൂപ്പർമാർക്കറ്റുകളും പലചരക്ക് വ്യാപാരികളും

 

വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍

 

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന മറ്റ് സ്ഥാപനങ്ങള്‍

 

എന്തുകൊണ്ട് ഫീസ്?

 

സെപ്തംബറില്‍ ഇന്ത്യയൊട്ടാകെ 2,407 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്. ആകെ മൂല്യം ഏകദേശം 29.37 ലക്ഷം കോടി രൂപയാണ്. ഇത്രയും വിപുലമായ ഇടപാടുസംവിധാനത്തിന്റെ സാങ്കേതിക സൗകര്യങ്ങള്‍, സൈബർ സുരക്ഷ, സേവനങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിന് ഫീസ് വരുമാനം ഉപയോഗിക്കുമെന്നാണ് സർക്കാർ വിശദീകരണം. ബാങ്കുകള്‍,പേയ്മെന്റ് സേവനദാതാക്കള്‍, ആപ്പുകള്‍ തുടങ്ങിയവർ വരുമാനം പങ്കിടും.


Share
Copyright © All rights reserved. | Newsphere by AF themes.