വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; സിബിഎസ്ഇ പത്താം ക്ലാസ് വിജയത്തിന് ഇന്റേണലും തിയറിയും ചേര്‍ത്ത് 33% മാര്‍ക്ക് മതി
ഡല്‍ഹി : സി.ബി.എസ്.ഇ 2026-27 അക്കാദമിക വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷകളുടെ വിജയമാനദണ്ഡത്തില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് വ്യക്തമാക്കി അധികൃതർ. മുൻ വർഷങ്ങളിലെപ്പോലെ ഇന്റേണല്‍ അസസ്മെന്റും തിയറി പരീക്ഷയും ചേർത്ത് മൊത്തത്തില്‍ 33 ശതമാനം മാർക്ക് നേടുന്ന വിദ്യാർഥികള്‍ക്ക് വിഷയം വിജയിക്കാമെന്ന് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അടുത്തിടെ ബോർഡ് പുറത്തിറക്കിയ സർക്കുലറില്‍ ഇന്റേണല്‍ അസസ്മെന്റിലും എക്സ്റ്റേണല്‍ പരീക്ഷയിലും വെവ്വേറെ 33 ശതമാനം മാർക്ക് വേണമെന്ന രീതിയില്‍ പരാമർശമുണ്ടായിരുന്നത് അധ്യാപകർക്കും വിദ്യാർഥികള്‍ക്കുമിടയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ ഔദ്യോഗികമായി വിരാമമായിരിക്കുന്നത്.
പഴയ രീതി തുടരും; വിദ്യാർഥികള്‍ക്ക് ആശ്വാസം
പത്താം ക്ലാസ് വിദ്യാർഥികള്‍ക്ക് പഴയ രീതിയിലുള്ള 80:20 അസസ്മെന്റ് പാറ്റേണ്‍ തന്നെ തുടർന്നും ലഭിക്കും. ഇന്റേണല്‍ അസസ്മെന്റും എക്സ്റ്റേണല്‍ തിയറി പരീക്ഷയും കൂട്ടിച്ചേർത്ത് ആകെ 33 ശതമാനം മാർക്ക് നേടിയാല്‍ മതിയാകും.തിയറി പരീക്ഷകളില്‍ അല്പം പിന്നോക്കം നില്ക്കുന്ന വിദ്യാർഥികള്‍ക്ക് ഇന്റേണല്‍ മാർക്കിന്റെ സഹായത്തോടെ എളുപ്പത്തില്‍ വിജയം കരസ്ഥമാക്കാൻ ഈ തീരുമാനം വലിയൊരു ആശ്വാസമാണ് നല്‍കുന്നത്.
അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ മാറ്റങ്ങളില്ല. പ്ലസ് ടു വിദ്യാർഥികള്‍ക്ക് ഇന്റേണല്‍, എക്സ്റ്റേണല്‍ പരീക്ഷകളില്‍ വെവ്വേറെ 33 ശതമാനം മാർക്ക് നിർബന്ധമാണെന്ന കർശന നിബന്ധന തുടർന്നും ബാധകമായിരിക്കും.
മാതൃകാ ചോദ്യപേപ്പറുകള്‍ ഉടൻ എത്തും
പരീക്ഷാ പാറ്റേണിലും ചോദ്യപേപ്പർ ഘടനയിലും നിലവില്‍ മാറ്റങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ സി.ബി.എസ്.ഇ, വിദ്യാർഥികള്‍ക്കായി ഉടൻ തന്നെ മാതൃകാ ചോദ്യപേപ്പറുകളും മാർക്കിങ് സ്കീമും പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വിദ്യാർഥികള്‍ പരിശീലനത്തിനായി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാകുന്ന മാതൃകാ ചോദ്യപേപ്പറുകള്‍ തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.വിദ്യാഭ്യാസരംഗത്ത് ഭാവിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ സി.ബി.എസ്.ഇയ്ക്ക് പദ്ധതിയുണ്ട്. എന്നാല്‍ എല്ലാ മാറ്റങ്ങളും ഒരുമിച്ച് നടപ്പിലാക്കാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നതെന്നും, അതിനാല്‍ ഈ അധ്യയന വർഷം നിലവിലുള്ള ഫോർമാറ്റ് തന്നെ തുടരുമെന്നും സി.ബി.എസ്.ഇ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
