September 30, 2026

ദാരിദ്യരേഖയില്‍ താഴെയുള്ളവര്‍ക്ക് ഹൃദയ പരിശോധന ഇനി സൗജന്യം ; പ്രഖ്യാപനവുമായി മുരളീധരന്‍

Share

 

സംസ്ഥാനത്തെ ദാരിദ്യരേഖയില്‍ താഴെയുള്ളവര്‍ക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍.

 

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ എഎംസിഎച്ച്‌എസ്‌എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആണ് മന്ത്രിയുടെ പ്രഖ്യാപനം.

 

 

ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാര്‍ക്കും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇസിജിയിലും മറ്റും കൃത്യമായ ഫലം കിട്ടാന്‍ പ്രയാസമുണ്ടായേക്കാമെന്നതിനാല്‍ ഹൃദയാഘാതം വേഗത്തില്‍ തിരിച്ചറിയുന്ന ട്രോപ്പ് ടി പരിശോധന ബിപിഎല്‍ വിഭാഗത്തിന് സൗജന്യമാക്കും എന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

സ്വകാര്യ ആശുപത്രികള്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപുകള്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. സമൂഹത്തിന്റെ താഴെത്തട്ടിലുളളവര്‍ക്കായി മെഡിക്കല്‍ ക്യാംപ് നടത്തുന്നത് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും എന്നും സമീപ പ്രദേശത്ത് മെഡിക്കല്‍ ക്യാംപ് നടന്നാല്‍ ജനങ്ങള്‍ തീര്‍ച്ചയായും അതില്‍ പങ്കെടുക്കണം എന്നും മുരളീധരന്‍ പറഞ്ഞു. രോഗം നേരത്തെ തിരിച്ചറിയുന്നത് ഏറെ പ്രധാനമാണ്. എല്ലാ ആശുപത്രികളിലും ഫാര്‍മസികളിലും മരുന്നുകളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കും എന്നും മരുന്നിന്റെ പേരില്‍ കമ്മിഷന്‍ വാങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യമുള്ള കേരളത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുവും ശുദ്ധമായിരിക്കണം എന്നും നന്നായി ഭക്ഷണം കഴിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമത്തിനും സമയം കണ്ടെത്തണം എന്നും അദ്ദേഹം പറഞ്ഞു.

 

ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയാല്‍ രോഗം തടയാനാകും. അമിത മദ്യപാനം, പുകവലി തുടങ്ങിയവ രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും എന്നും ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ ജനങ്ങള്‍ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.